മുംബൈ : സിപിഐ/മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം സോനു എന്ന മല്ലൗജുല വേണുഗോപാൽ റാവു കീഴടങ്ങി. കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിൽ പ്രവർത്തിച്ചിരുന്ന 60 കേഡർമാരോടൊപ്പം ആണ് ഇയാൾ കീഴടങ്ങിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ജില്ലാ ഭരണകൂടത്തിന് മുമ്പിലാണ് മല്ലൗജുല വേണുഗോപാൽ റാവുവും 60 കൂട്ടാളികളും ചേർന്ന് കീഴടങ്ങിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ, ആയുധം താഴെ വയ്ക്കാനുള്ള തന്റെ ഉദ്ദേശ്യം സൂചിപ്പിച്ചുകൊണ്ട് മല്ലൗജുല വേണുഗോപാൽ റാവു ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ നിരവധി കേഡർമാരിൽ നിന്നും ഇയാൾക്ക് പിന്തുണ ലഭിച്ചു. തങ്ങളും അദ്ദേഹത്തിനോടൊപ്പം കീഴടങ്ങാൻ തയ്യാറാണെന്ന് കേഡർമാർ അറിയിക്കുകയായിരുന്നു. ഇന്ത്യയിൽ തന്നെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒരു പ്രധാന ശക്തി കേന്ദ്രമായ ഗഡ്ചിരോളിയിൽ നിന്നുള്ള ഈ കൂട്ട കീഴടങ്ങൽ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യത്തിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്.
2026ഓടെ രാജ്യത്തുനിന്നും കമ്മ്യൂണിസ്റ്റ് ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ഭാഗമായി ഇതിനകം തന്നെ ഛത്തീസ്ഗഡിൽ നിന്നും ജാർഖണ്ഡിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമായി നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് ഭീകരരും പ്രധാന നേതാക്കളും കീഴടങ്ങി കഴിഞ്ഞു.
Discussion about this post