കെയ്റോ : ഗാസയുടെ പുനർനിർമാണത്തിൽ ഫുട്ബോൾ കളിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിർമ്മിച്ചു നൽകാമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ ആണ് ഫിഫ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഫുട്ബോളിന് ആയുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർ നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് ഫിഫ പ്രസിഡണ്ട് അറിയിച്ചു.
പ്രാദേശിക സ്ഥിരതയ്ക്കും പുനർനിർമ്മാണത്തിനുമുള്ള പദ്ധതികൾ വിവരിക്കുന്ന ഒരു രേഖയിൽ ഫിഫ പ്രസിഡണ്ട് ഒപ്പുവച്ചു. ഇസ്രായേലിന്റെ സൈനിക നടപടിയിൽ 67,000 ത്തിലധികം പേർ കൊല്ലപ്പെട്ടപ്പോൾ തകർന്ന സൗകര്യങ്ങൾ പുനർനിർമിക്കുക, പുതിയ പിച്ചുകളും യുവജന പരിപാടികളും പിന്തുണയ്ക്കുന്നതിനായി ഒരു ഫണ്ട് ആരംഭിക്കുക എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഗാസയിലെ എല്ലാ ഫുട്ബോൾ സൗകര്യങ്ങളും പുനർനിർമ്മിക്കാനും, പലസ്തീൻ ഫുട്ബോൾ അസോസിയേഷനുമായി (പിഎഫ്എ) സഹകരിച്ച് പ്രവർത്തിക്കാനും ഗാസയിലെ കുട്ടികൾക്ക് ഫുട്ബോളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും തങ്ങൾ സഹായിക്കുമെന്ന് ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. ഗാസയിലെ കുട്ടികൾക്ക് ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഫുട്ബോൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഇസ്രായേലിനെ സസ്പെൻഡ് ചെയ്യണമെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ഫിഫയോട് ആവശ്യപ്പെട്ടു.
Discussion about this post