ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ എറണാകുളം പള്ളുരുത്തി സ്‌കൂൾ പിടിഎ. സ്‌കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാം. മുൻ നിലപാടിൽ നിന്നും ഒരു മാറ്റവുമില്ലെന്നും പടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പറഞ്ഞു. കുട്ടിയുടെ അവകാശം പോലെ സ്‌കൂളിനും അവകാശമുണ്ട്. ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസ പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണ്ടേ. മുഖ്യമന്ത്രി നല്ല ശുദ്ധമായ കൈകളിൽ അല്ലെ ഇതെല്ലാം കൊടുക്കേണ്ടത്. മന്ത്രിയെ വിജയിപ്പിച്ച ജനങ്ങളാണ് ആദ്യം മനസിലാക്കേണ്ടത്. ഹൈക്കോടതി വിധിയെ തടുക്കാൻ മന്ത്രിക്ക് പറ്റില്ലല്ലോയെന്ന് പിടിഎ പ്രസിഡന്റ് ചോദിക്കുന്നു.
സ്‌കൂൾ നിയമം തടുക്കാൻ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാർഗനിർദേശം അനുസരിച്ച് കുട്ടി ഇവിടെ തന്നെ തുടർന്ന് പഠിക്കണമെന്നാണ് തങ്ങളുടെയെല്ലാം ആഗ്രഹം. കുട്ടിയുടെ മാതാപിതാക്കൾ ആഹ്രഹിക്കുന്നുണ്ടെങ്കിൽ കുട്ടി ഈ സ്‌കൂളിൽ തന്നെ പഠിക്കും. കുട്ടിയുടെ അവകാശ ലംഘനത്തേക്കാൾ സ്ഥാപനത്തിന്റെ അവകാശത്തെക്കുറിച്ച് 2018 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കപ്പെടേണ്ടത്.കഴിഞ്ഞ കാലങ്ങളിൽ സ്‌കൂൾ എങ്ങനെയാണോ പ്രവർത്തിച്ചിരുന്നത് അതുപോലെ തുടർന്നും പ്രവർത്തിക്കണമെന്നാണ് പിടിഎ ആഗ്രഹിക്കുന്നത്. ഒരാൾക്ക് മാത്രമായി ഇളവു ചെയ്യേണ്ട കാര്യമില്ല. മന്ത്രി ഇതൊക്കെ പറയുന്നതിനു മുമ്പേ കാര്യങ്ങൾ ആലോചിക്കേണ്ടേ. മന്ത്രിയെ വിജയിപ്പിക്കുന്നത് ജനങ്ങളാണ്. സ്‌കൂൾ നിർദേശങ്ങൾ പാലിച്ചുകൊള്ളാമെന്ന് കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുള്ളതാണ്. പിന്നെ മന്ത്രിക്ക് ഇതിലെന്താണ് കാര്യമെന്നും ജോഷി കൈതവളപ്പിൽ ചോദിച്ചു.
ഹിജാബ് വിവാദത്തിൽ സ്‌കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത് വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ സ്‌കൂൾ അനുമതി നൽകണം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു.
നിലവിൽ ഹിജാബ് വിഷയത്തിൽ സ്‌കൂളിന് നോട്ടീസ് നൽകിയത് മാനേജ്‌മെന്റിന്റെ ഭാഗം കേൾക്കാനാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. വിഷയത്തിൽ സമവായം ആയെങ്കിൽ അത് നല്ല കാര്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post