2010 ന് ശേഷമുള്ള ഏറ്റവും ദുർബലമായ ടീമുമായിട്ടാണ് ഓസ്‌ട്രേലിയ വരാനിരിക്കുന്ന ആഷസിനെ നേരിടാൻ ഒരുങ്ങുകയാണെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡ് നടത്തിയ പ്രസ്താവന പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ഓസ്ട്രേലിയ പരമ്പര 4-0 ന് നേടുമെന്ന മുൻ ഓപ്പണർ ഡേവിഡ് വാർണറുടെ പ്രവചനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പരാമർശം.
2010–11 ലെ ആഷസ് ആയിരുന്നു ഇംഗ്ലണ്ടിന്റെ അവസാനത്തെ വിജയകരമായ ഓസ്‌ട്രേലിയൻ പര്യടനം. അവിടെ അന്ന് അവർ 3-1 ന് പരമ്പര ജയിച്ച് കിരീടം സ്വന്തമാക്കി. ശേഷം , അവരുടെ അടുത്ത മൂന്ന് യാത്രകളിൽ 5-0, 4-0, 4-0 എന്നിങ്ങനെ ഇംഗ്ലണ്ട് കനത്ത തോൽവികൾ ഏറ്റുവാങ്ങിയിരുന്നു. ഇത് അവരുടെ ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിലെ ബുദ്ധിമുട്ട് തുറന്നുകാട്ടി.
“ഇംഗ്ലണ്ടിനോ മറ്റേതെങ്കിലും ടീമിനോ ഓസ്‌ട്രേലിയയിൽ ജയിക്കുക എപ്പോഴും ബുദ്ധിമുട്ടാണ്,” ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ ബ്രോഡ് സമ്മതിച്ചു. “പരമ്പരയിൽ ഓസ്ട്രേലിയക്കാണ് ജയസാധ്യത കൂടുതൽ. സ്വന്തം മണ്ണിൽ അവർ എത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ എല്ലാവരും അവർ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്നാൽ അവരുടെ ടീമിനെ ചുറ്റിപ്പറ്റി ഇപ്പോഴും സംശയങ്ങളും അവരുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്. 2010-ന് ശേഷമുള്ള ഏറ്റവും ദുർബലമായ ഓസ്‌ട്രേലിയൻ ടീമാണിത്. ഇംഗ്ലണ്ട് അവസാനമായി അവിടെ വിജയിച്ചപ്പോൾ, ആ സമയത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ ഇംഗ്ലണ്ട് ടീം കൂടിയാണിത്.”
എന്തായാലും വീറും വാശിയും ഉള്ള പോരാട്ടമാണ് ഇത്തവണ ആഷസിൽ പ്രതീക്ഷിക്കുന്നത്.
Discussion about this post