20 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് ബൊളീവിയയിൽ അന്ത്യം. ഒക്ടോബർ 19 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രണ്ട് വലതുപക്ഷ നേതാക്കൾ തമ്മിലാണ് മത്സരം. ആര് ജയിച്ചാലും രാജ്യം വലതുപക്ഷക്കാരൻ ഭരിക്കുന്ന സ്ഥിതി. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ റോഡ്രിഗോ പാസ് ആണ് പ്രസിഡന്റ് സ്ഥാനാർത്ഥികളിലൊരാൾ.ലിബ്രെ അലയൻസ് നേതാവും മുൻ പ്രസിഡന്റും കൂടിയായ ജോർജ്ജ് ക്വിറോയാണ് മറ്റൊരാൾ.
ബൊളീവിയയിൽ 2006 മുതൽ പ്രസിഡന്റ് പദവിയിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാന നേതാക്കളായിരുന്നു. മൂവ്‌മെന്റ് ടുവാർഡ്‌സ് സോഷ്യലിസം എന്ന ഇടത് പോപ്പുലിസ്റ്റ് കക്ഷിയായിരുന്നു ഭരണം. 2020 വരെ ഇവോ മൊറാലിസ് എന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു പ്രസിഡന്റ്. 2020ൽ ഇദ്ദേഹം മാറുകയും ലൂയിസ് ആർസ് എന്ന നേതാവ് പ്രസിഡന്റായി
എന്നാൽ 2025ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കും മത്സരിക്കണമെന്ന് ഇവോ മൊറാലിസ് ആവശ്യപ്പെട്ടു. കോടതി മാത്രമല്ല സ്വന്തം പാർട്ടിയും ഇതിന് അംഗീകാരം നൽകിയില്ല. ഭരണഘടന ഇത്രയധികം കാലം പ്രസിഡന്റായിരിക്കാൻ അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പാർട്ടി കൂടി കൈവിട്ടതോടെ, അദ്ദേഹം പാർട്ടിയെ പിളർത്തിക്കൊണ്ടു പോയി. പുതിയ പാർട്ടി രൂപീകരിച്ചു. ഇതോടെ രാജ്യത്തെ ഇടതുപക്ഷം ദുർബ്ബലമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂവ്‌മെന്റ് ടുവാർഡ്‌സ് സോഷ്യലിസത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ആദ്യ ഘട്ടത്തിൽ തോൽവിയേറ്റുവാങ്ങി.
Discussion about this post