റായ്പുർ : 2026ഓടെ രാജ്യത്തുനിന്നും കമ്മ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുനീക്കും എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറച്ച പ്രഖ്യാപനത്തിന്റെ പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കമ്മ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുകയാണ്. ഇന്ന് ഛത്തീസ്ഗഡിൽ 208 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് കൂട്ടത്തോടെ എത്തി കീഴടങ്ങിയത്. സിപിഐ മാവോയിസ്റ്റിന്റെ ഒരു കേന്ദ്ര കമ്മിറ്റി അംഗവും ഉന്നത നേതാക്കളും വരെ കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ മേഖലയിൽ 98 പുരുഷന്മാരും 110 സ്ത്രീകളും ഉൾപ്പെടെ ആകെ 208 നക്സലൈറ്റുകൾ ആണ് ഇന്ന് ജില്ലാ ഭരണകൂടത്തിനു മുൻപിൽ കീഴടങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 150ലേറെ ആയുധങ്ങളും ഇവർ പോലീസിന് മുൻപിൽ സമർപ്പിച്ചു. 19 AK-47 റൈഫിളുകൾ, 17 SLR റൈഫിളുകൾ, 23 INSAS റൈഫിളുകൾ, 1 INSAS LMG, 36 .303 റൈഫിളുകൾ, 4 കാർബൈനുകൾ, 11 BGL ലോഞ്ചറുകൾ, 41 12-ബോർ/സിംഗിൾ-ഷോട്ട് തോക്കുകൾ, 1 പിസ്റ്റൾ എന്നിവയാണ് കീഴടങ്ങിയ ഭീകരർ പോലീസിനു മുൻപാകെ സമർപ്പിച്ചിട്ടുള്ളത്.
കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ഭരണഘടനയുടെ ഒരു പകർപ്പും ഒരു റോസാപ്പൂവും നൽകിയാണ് ഭരണകൂടം സ്വീകരിച്ചത്. ഛത്തീസ്ഗഡ് സർക്കാരിന്റെ പദ്ധതി പ്രകാരം കീഴടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഭീകരർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ നിന്നുള്ള പ്രയോജനങ്ങൾ ലഭിക്കുന്നതാണ്. വടക്കൻ ബസ്തറിലെ ചുവപ്പ് ഭീകരതയ്ക്ക് വൻ തിരിച്ചടിയാണ് 208 കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങിലൂടെ ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തോടെ ഈ മേഖലയിൽ ബാക്കിവരുന്ന കമ്മ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
Discussion about this post