ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യു എസ് ചേമ്പർ ഓഫ് കൊമേഴ്സ്. എച്ച്-1ബി വിസ ഫീസ് വർദ്ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ചേമ്പർ ഓഫ് കൊമേഴ്സ് കോടതിയെ സമീപിച്ചു. പുതിയ നിയമം നിയമവിരുദ്ധമാണെന്നും ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ ആശ്രയിക്കുന്ന ചെറുകിട, ഇടത്തരം ബിസിനസുകളെ ഇത് ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും ചേമ്പർ ഓഫ് കൊമേഴ്സ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് സർക്കാരിന്റെ ഈ പുതിയ നിയമം യുഎസിലെ സാങ്കേതിക മേഖലയിലും തൊഴിൽ മേഖലയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചേമ്പർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം H-1B വിസകൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയ തീരുമാനം റദ്ദാക്കണമെന്നാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എച്ച്-1ബി പ്രോഗ്രാമിനെ നിയന്ത്രിക്കുന്ന ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനാൽ ഈ പുതിയ ഫീസ് യുക്തിരഹിതവും നിയമവിരുദ്ധവുമാണെന്ന് ചേംബർ ഓഫ് കൊമേഴ്സ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. നിയമപ്രകാരം, വിസ പ്രോസസ്സ് ചെയ്യുന്നതിൽ സർക്കാരിന് ഉണ്ടാകുന്ന ചെലവുകളെ അടിസ്ഥാനമാക്കി മാത്രമേ വിസ ഫീസ് നിർണ്ണയിക്കാൻ കഴിയൂ എന്ന് ചേംബർ വിശദീകരിച്ചു.
പ്രാദേശികമായി കഴിവുകൾ കണ്ടെത്താൻ പ്രയാസമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾക്കാണ് എച്ച്-1ബി വിസ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ ഫീസ് കൂടുതൽ ചെലവേറിയതും ചെറുകിട, ഇടത്തരം ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രായോഗികമായി അപ്രായോഗികവുമാക്കുമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പോളിസി ഓഫീസറുമായ നീൽ ബ്രാഡ്‌ലി പറഞ്ഞു.
Discussion about this post