പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നത് തനിക്ക് എളുപ്പമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകാലത്ത് നിരവധി ആഗോള യുദ്ധങ്ങൾ ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പാകിസ്താൻ ആക്രമിച്ചു അല്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി ഒരു സംഘർഷം നടക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് പരിഹരിക്കണമെങ്കിൽ എനിക്ക് പരിഹരിക്കാൻ എളുപ്പമുള്ള ഒന്നാണ്. ഞാൻ യുഎസ്എയെ നയിക്കണം, പക്ഷേ യുദ്ധങ്ങൾ പരിഹരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ ഞാൻ ഇഷ്ടപ്പെടുന്നു, ദശലക്ഷക്കണക്കിന് ജീവൻ ഞാൻ രക്ഷിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിൻ്റെ പരാമർശം. വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഔദ്യോഗിക സംഭാഷണം നടത്തുന്നതിനിടെയായിരുന്നു ഈ പരാമർശം.
യുദ്ധങ്ങൾ പരിഹരിക്കുമെന്ന തന്റെ പഴയ അവകാശവാദവും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള ആഗ്രഹവും ട്രംപ് ആവർത്തിച്ചു, “എട്ട് യുദ്ധങ്ങൾ ഞാൻ പരിഹരിച്ചു. റുവാണ്ടയിലേക്കും കോംഗോയിലേക്കും പോകൂ, ഇന്ത്യയെയും പാകിസ്താനെയും കുറിച്ച് സംസാരിക്കൂ . നമ്മൾ പരിഹരിച്ച എല്ലാ യുദ്ധങ്ങളും നോക്കൂ, ഞാൻ പരിഹരിച്ചപ്പോഴെല്ലാം, അടുത്തത് പരിഹരിച്ചാൽ നിങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കും എന്ന് അവർ പറയുമ്പോൾ. എനിക്ക് നോബൽ സമ്മാനം ലഭിച്ചില്ല. ഒരാൾക്ക് അത് ലഭിച്ചു, അവർ വളരെ നല്ല സ്ത്രീയാണ്. അവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവർ വളരെ ഉദാരമതിയായിരുന്നു. അതെല്ലാം എനിക്ക് പ്രശ്നമല്ല. ജീവൻ രക്ഷിക്കുന്നതിൽ മാത്രമാണ് എനിക്ക് താൽപ്പര്യമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അഫ്ഗാൻ-പാകിസ്താൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയും പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് 48 മണിക്കൂർ നീണ്ടുനിന്ന വെടിനിർത്തൽ അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രസ്താവന . വെടിനിർത്തൽ നീട്ടിയതായും പരിഹാരം തേടുന്നതിനായി ഇരുപക്ഷവും ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഡ്യൂറണ്ട് രേഖയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ നിരവധി ജില്ലകളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ കുറ്റപ്പെടുത്തി.
Discussion about this post