കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭാ പാലാപ്പറമ്പ് കൗൺസിലർ പിപി രാജേഷാണ് അറസ്റ്റിലായത്.
ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ജാനകി(77)യുടെ മാല പൊട്ടിച്ചത്. ഒന്നേകാൽ പവന്റെ മാലയാണ് കവർന്നത്. വീടിനരികെ നിന്നു മീൻ മുറിക്കുന്നതിനിടെ, സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു
ആരാണെന്ന് ആർക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാർഡ് കൌൺസിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പോലീസ് നൽകുന്ന വിവരം. പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post