ന്യൂയോർക്ക് : അടുത്ത മാസത്തെ ഏഷ്യൻ സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. കിം ജോങ് ഉന്നിനെ സന്ദർശിക്കാൻ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഉത്തരയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം ലഭ്യമായിട്ടില്ല എന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 2019 ൽ ട്രംപും ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വർഷം ആദ്യം ട്രംപ് കിമ്മുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഉത്തരകൊറിയ ട്രംപിന്റെ കത്ത് സ്വീകരിക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 2019 ജൂണിൽ കൊറിയൻ സൈനികരഹിത മേഖലയിൽ വെച്ചാണ് ഇരു നേതാക്കളും അവസാനമായി കണ്ടുമുട്ടിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വൈറ്റ് ഹൗസിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂളിക്കാഴ്ച നടത്തിയതിനുശേഷം , കിം ജോങ് ഉന്നിനെ കാണാനും താല്പര്യമുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കിയിരുന്നു.
പുതിയ ആവശ്യത്തിന് ഉത്തരകൊറിയ അനുകൂല പ്രതികരണം അറിയിക്കുകയാണെങ്കിൽ അടുത്തമാസം വീണ്ടും ട്രംപ്-കിം ജോങ് ഉൻ കൂടിക്കാഴ്ച ഉണ്ടാകും. അതേസമയം ഉത്തര കൊറിയയെ ആണവമുക്തമാക്കുക എന്ന ആശയം അമേരിക്ക ഉപേക്ഷിച്ചാൽ സൗഹൃദബന്ധം ഉണ്ടാകുമെന്നാണ് നേരത്തെ ജോങ് ഉൻ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post