ന്യൂയോർക്ക് : അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു. യുഎസിലുടനീളമുള്ള എല്ലാ നഗരങ്ങളിലും ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ വൻ ജനക്കൂട്ടം ഒത്തുകൂടി. കഴിഞ്ഞദിവസം എല്ലാ സംസ്ഥാനങ്ങളിലും ആയി 2,500-ലധികം പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച റാലിയിൽ ഇരുപതിനായിരത്തിലേറെ ആളുകൾ ആണ് പങ്കെടുത്തത്.
കുടിയേറ്റം, സുരക്ഷ, വിദ്യാഭ്യാസം എന്നിവയിലെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു രാജാവിനെ പോലെയാണ് പെരുമാറുന്നത് എന്നാണ് പ്രതിഷേധക്കാർ സൂചിപ്പിക്കുന്നത്. അമേരിക്കയ്ക്ക് രാജവാഴ്ചയല്ല ജനാധിപത്യമാണ് വേണ്ടത് എന്നും പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തുന്നു. ‘അമേരിക്കയിലെ ജനാധിപത്യം സംരക്ഷിക്കാനും’ ‘സ്വേച്ഛാധിപത്യ’ ഭരണത്തിനെതിരെ ചെറുക്കാനും ആഹ്വാനം ചെയ്തു കൊണ്ടാണ് പ്രതിഷേധ റാലികൾ നടന്നത്.
അതേസമയം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ‘ഹേറ്റ് അമേരിക്ക’ റാലികൾ ആണെന്ന് വിമർശിച്ചു. പ്രതിഷേധക്കാർക്ക് തീവ്ര ഇടതുപക്ഷ ആന്റിഫ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ് പ്രതിഷേധങ്ങൾ നടത്തുന്നത് എന്നും റിപ്പബ്ലിക്കൻ പാർട്ടി കുറ്റപ്പെടുത്തി. പ്രതിഷേധങ്ങൾക്ക് മുന്നോടിയായി നിരവധി യുഎസ് സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ ഗവർണർമാർ നാഷണൽ ഗാർഡ് സൈനികരെ സജ്ജരാക്കി പ്രതിഷേധങ്ങളെ നേരിടാൻ തയ്യാറായി നിന്നിരുന്നു. എന്നാൽ പ്രതിഷേധ റാലികൾ സമാധാനപൂർവമായി നടന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
Discussion about this post