ന്യൂയോർക്ക് : കരീബിയൻ കടലിൽ വച്ച് മയക്കുമരുന്ന് കടത്തുകയായിരുന്നു എന്ന് സംശയിക്കപ്പെടുന്ന അന്തർവാഹിനി തകർത്ത് യുഎസ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കരീബിയൻ കടലിൽ കപ്പലുകളിൽ യുഎസ് നടത്തുന്ന ആറാമത്തെ ആക്രമണമാണിത്. ആക്രമണത്തിൽ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടു. മറ്റു രണ്ടു പേരെ ജീവനോടെ പിടികൂടി.
ഇരുപത്തയ്യായിരം അമേരിക്കക്കാരുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന മയക്കുമരുന്നായിരുന്നു അന്തർവാഹിനിക്കുള്ളിൽ ഉണ്ടായിരുന്നത് എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കുപ്രസിദ്ധമായ മയക്കുമരുന്ന് കടത്ത് ട്രാൻസിറ്റ് റൂട്ട് വഴി യുഎസിലേക്ക് പോകുകയായിരുന്ന അന്തർവാഹിനിയാണ് തകർത്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അന്തർവാഹിനിയിൽ നിന്നും ജീവനോടെ പിടികൂടിയ മയക്കുമരുന്ന് കള്ളക്കടത്തുകാരെന്ന് സംശയിക്കുന്ന രണ്ട് പേരെ അവരുടെ മാതൃരാജ്യങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വെനിസ്വേലയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന കപ്പലുകളെ ആണ് യുഎസ് തുടർച്ചയായി ലക്ഷ്യം വെക്കുന്നത്. എന്നാൽ നിലവിൽ ആക്രമിക്കപ്പെട്ട അന്തർവാഹിനി എവിടെനിന്നാണ് വന്നതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.
Discussion about this post