ടെൽ അവീവ് : ഗാസയിലെ രണ്ട് പ്രദേശങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഗാസയിൽ ഹമാസ് ഭീകരർ സ്വന്തം ജനങ്ങൾക്കിടയിൽ തന്നെ ആക്രമണവും സംഘർഷവും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ വ്യോമാക്രമണം എന്നുള്ളതും ശ്രദ്ധേയമാണ്. യെല്ലോ ലൈൻ ഭേദിച്ച് ഇസ്രായേൽ സൈന്യത്തിന് നേരെയും ഹമാസിന്റെ ആക്രമണം ഉണ്ടായതോടെയാണ് ഇസ്രായേൽ തിരിച്ചടിച്ചിരിക്കുന്നത്.
റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ യെല്ലോ ലൈൻ മുറിച്ചു കടന്നവർക്കെതിരെയാണ് ആക്രമണം നടത്തിയത് എന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. അതേസമയം തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള റഫയിൽ ഹമാസ് ഭീകരർ ഇസ്രായേലി സൈനികർക്ക് നേരെ ആക്രമണം നടത്തിയതാണ് പ്രകോപനത്തിന് കാരണമായത്. തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് ഹമാസ് ഇസ്രായേൽ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഹമാസ് നടത്തിയത് എന്ന് ഇസ്രായേൽ ആരോപിച്ചു. കഴിഞ്ഞദിവസം റഫയിൽ ഒരു ഐഇഡി പൊട്ടിത്തെറിച്ച് ഇസ്രായേൽ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസിനെ പൂർണമായും നിരായുധീകരിക്കുന്നത് വരെ ഗാസയിലെ യുദ്ധം അവസാനിക്കില്ല എന്നാണ് ഏറ്റവും ഒടുവിലായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post