ബഹുഭാഷാ പണ്ഡിതനും വാഗ്മിയും അധ്യാപകനും ജന്മഭൂമി മുൻ ചീഫ് എഡിറ്ററുമായ പ്രഫ. തുറവൂർ വിശ്വംഭരൻ്റെ സ്മൃതി ദിനം ഇന്ന്. പാശ്ചാത്യ-പൗരസ്ത്യ ഇതിഹാസങ്ങളുടെ മൗലിക വ്യാഖ്യാനങ്ങളിലൂടെയാണു തുറവൂർ വിശ്വംഭരൻ ശ്രദ്ധ നേടുന്നത്. വിവിധ സർക്കാർ കോളജുകളിൽ മലയാളം അധ്യാപകനായിരുന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളജിൽ പ്രവർത്തിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും പുറമേ വൈദ്യത്തിലും ജ്യോതിഷത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്നു.
ധര്‍മ്മത്തിന്റെ ഒറ്റ സൂര്യൻ
അധര്‍മ്മത്തെ ധര്‍മ്മമെന്ന് വാഴ്ത്തുകയും അധര്‍മ്മികള്‍ ധര്‍മ്മപ്രഭാഷണം നടത്തുകയും ചെയ്യുന്ന തലതിരിഞ്ഞ കാലത്താണ് വിശ്വംഭരൻ മാഷ് സത്യവാക്കായി ജ്വലിച്ചത്. നുണയുടെ ആയിരം കരങ്ങള്‍ ചൂട്ടുകറ്റപിടിച്ച് മുന്നിൽ നടന്ന കേരളത്തിൻ്റെ ഇരുൾ വഴിയിൽ ധര്‍മ്മത്തിന്റെ ഒറ്റ സൂര്യനായി അദ്ദേഹം കത്തിയാളി……..
എല്ലാ ഇരുട്ടിനെയും ഇല്ലാതാക്കാനുള്ള ഒറ്റമൂലി കരഗതമാക്കിയ ആചാര്യന്‍. പണ്ഡിതപ്രമാണികളും സംഘടിത മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും തമസ്‌കരിക്കാന്‍ പരിശ്രമിച്ചിട്ടും അദ്ദേഹം കൃഷ്ണദൗത്യം കലികാലത്തും നിറവേറ്റി.
ഗീതയില്‍ ഭഗവാന്‍ പറയുന്നത് ആര് എവ്വിധം എന്നെ സമീപിക്കുന്നുവോ അതേവിധം ഞാന്‍ അവര്‍ക്ക് പ്രാപ്യനായിത്തീരുന്നു.. (യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം)….. വിശ്വംഭരന്‍മാഷിനെ വ്യാസജന്മം എന്ന് വിശേഷിപ്പിച്ചവരുണ്ട്. ധര്‍മ്മത്തെ തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചാരണങ്ങളില്‍ മനംനൊന്ത് വശംകെട്ടവര്‍ക്ക് ആശ്വാസമായിരുന്നു മാഷിന്റെ വാക്കുകള്‍. വ്യാസന്‍ നേരിട്ട് വന്ന് വീണ്ടും ധര്‍മ്മഗീത പറയുകയായിരുന്നു ഇതാണ് ശരി എന്ന തികഞ്ഞ ബോധ്യത്തോടെ.
ഏതൊരാള്‍ക്കും പ്രാപ്യനായ മനീഷി . സംശയാലുക്കള്‍ക്ക് ഗുരുവായും സുഹൃത്തുക്കള്‍ക്ക് സഹൃദയനായ സുഹൃത്ത്, അറിയാത്ത മേഖലകള്‍ ഇല്ലെന്ന് പറയാനാവും വിധം അറിവിന്റെ കടല്‍….
വിവാദകലുഷിതമായ സംവാദമേഖലകളില്‍ നിര്‍ഭയനായി തലയെടുത്തുനിന്ന കുലപര്‍വതം…. ഏത് ധാര്‍ഷ്ട്യവും അറിയാതെ തലകുനിച്ചുപോകുന്ന അറിവിന്റെ ആഢ്യത്വം…. അതുകൊണ്ടാണ് മാഷ് പലപ്പോഴും അവസാന വാക്കാകുന്നത്. ഏത് കൊലകൊമ്പനും അവിടെയെത്തുമ്പോള്‍ അവിശ്വസനീയമായ മെരുക്കം പ്രകടിപ്പിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
മഹാഗുരുക്കന്മാരുടെ ശിഷ്യന്‍, ഗുരുക്കന്മാരെയും കടന്ന ധിഷണയുടെ കടല്‍, ലോകമെമ്പാടും നിറഞ്ഞ് ശിഷ്യ സഞ്ചയം. അധരം വിട്ടുരിയാടുന്ന വാക്കോരോന്നിനും ഹൃദയത്തിന്റെ തുടിപ്പ് അകമ്പടി. കുലവും ഗോത്രവും ദേശവും കാലവും കടന്ന ഭാഷാപാണ്ഡിത്യത്തിന്റെ പാരാവാരം, അതേസമയം വാത്സല്യവും സ്‌നേഹവും പരിലാളനവും കൊണ്ട് ആരെയും സ്വന്തമാക്കിയ പെരുമാറ്റ സാരള്യം…. ലോകസംസ്‌കൃതിയുടെ ഈടുവെയ്പുകള്‍ പകര്‍ന്ന സാഹിത്യങ്ങള്‍ കുട്ടിക്കവിതകള്‍ പോലെ മനഃപാഠം, കലയുടെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് കോട്ടകെട്ടിയ തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനസപര്യയില്‍ അമരക്കാരന്‍, കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ളവന്റെ പരാധീനതകള്‍ക്ക് പരിഹാരം കാണാന്‍ കരുത്തുള്ള പുതിയകാലത്തിന്റെ വ്യാസന്‍…..
മാഷ് വഴികാട്ടിയ ഇടങ്ങൾ അനേകം ……. മായാത്ത വഴികൾ…… ഇതിഹാസം സനാതന ജീവിത ദർശനമാണെന്ന് പറഞ്ഞത് മാഷാണ്…… മാഷൊരു ഇതിഹാസമായിരുന്നു….
ഇന്ന് പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിദിനം
Discussion about this post