തിരുവനന്തപുരം : തിരുവനന്തപുരത്ത് സിപിഐയിൽ നിന്നും കൂട്ടരാജി. ഇന്ന് നൂറോളം പേരാണ് തിരുവനന്തപുരം സിപിഐയിൽ നിന്നും രാജിവെച്ചത്. സിപിഐ നേതാവ് മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് നൂറോളം പേര്‍ രാജിവച്ചത്. കഴിഞ്ഞദിവസം കൊല്ലത്ത് 700 ഓളം പേർ സിപിഐയിൽ നിന്നും രാജി വെച്ചിരുന്നു.
തിരുവനന്തപുരത്ത് ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് പ്രധാനമായും സിപിഐ പ്രവർത്തകർ രാജി വെച്ചിട്ടുള്ളത്. സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയുമായ മീനാങ്കല്‍ കുമാറിനെതിരെ പാർട്ടി സ്വീകരിച്ച നടപടിയാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് സിപിഐ മീനാങ്കല്‍ കുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് മീനാങ്കല്‍ എ ബ്രാഞ്ച്, ബി ബ്രാഞ്ച് എന്നിവയില്‍ അംഗങ്ങളായ 40 പേർ പാർട്ടി അംഗത്വം രാജിവെച്ചു. കൂടാതെ പ്രദേശത്തെ എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയനില്‍പ്പെട്ട 30 പേരോളം പേരും രാജി നല്‍കി. പിന്നാലെ എഐഎസ്എഫ്, എഐവൈഎഫ്, മഹിളാ ഫെഡറേഷന്‍ എന്നീ സംഘടനകളുടെ പ്രവർത്തകരും സിപിഐയിൽ നിന്നും രാജിവച്ചു.
Discussion about this post