പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുടെ പേരിൽ വ്യാജ മാട്രിമോണിയൽ വെബ്‌സൈറ്റ് നിർമ്മിച്ച് അജ്ഞാതൻ പലരിൽ നിന്നായി പണം തട്ടിയതായി പരാതി. ഇൻഫ്‌ളൂവൻസറുടെ ഇൻസ്റ്റഗ്രാം,യൂട്യൂബ് അക്കൗണ്ടുകളിലെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് എം ഫോർ മാരി ഡോട്ട്.കോം എന്ന മാട്രിമോണിയൽ വെബ്‌സൈറ്റിൽ പ്രൊഫൈൽ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പരിചയപ്പെടുന്നവരോട് താൻ വിവാഹമോചിതയാണെന്നും ഗൾഫ് രാജ്യത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞാണ് സൗഹൃദം പുലർത്തുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ഒരുമിച്ച് ജീവിക്കുന്നതിന് മുൻപ് ഒരു ബിസിനസ് ആരംഭിച്ച് പണം സമ്പാദിക്കാമെന്നും പറയുന്നു. പരിചയപ്പെടുന്നവരിൽ നിന്ന് ക്രമേണ ബിസിനസ് ആരംഭിക്കാനാവശ്യമായ സഹായമെന്ന് അഭ്യർത്ഥിച്ച് പണം തട്ടുകയാണ് പതിവ്.
ബന്ധം സ്ഥാപിക്കുന്നവർക്ക് വിശ്വസനീയത തോന്നാനായി എറണാകുളത്തെ താമസസ്ഥലമെന്ന് അവകാശപ്പെട്ട് ഒരു വീടിന്റെ വീഡിയോ നൽകുകയും ഇടയ്ക്കിടെ വീഡിയോ കോളിൽ വരികയും ചെയ്യുന്നു. നെറ്റ്വർക്ക് പ്രശ്‌നമെന്ന് പറഞ്ഞ് ക്ലാരിറ്റി കുറഞ്ഞ രീതിയിലാണ് വീഡിയോ കോളിൽ എത്തുന്നത്.
വ്യാജപ്രൊഫൈലാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഒരാൾ ഇൻഫ്‌ളൂവൻസറുടെ മെയിലിലൂടെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഒരാളിൽ നിന്ന് മാത്രം 500 ഡോളറോളം തട്ടിയെടുത്തെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പോലീസിനും സൈബർസെല്ലിനും പരാതി നൽകിയിരിക്കുകയാണ് ഇൻഫ്‌ളൂവൻസർ. സ്വകാര്യതാ പ്രശ്‌നം മൂലം പേര് വിവരങ്ങൾ പുറത്ത് വിടരുതെന്ന് പരാതിക്കാരി പ്രത്യേകം അറിയിക്കുകയായിരുന്നു.
Discussion about this post