ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ചെന്നൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നിലവിൽ ഈ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ വിവിധ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കടലൂർ, വില്ലുപുരം, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം ജില്ലകളും പുതുച്ചേരി, കാരക്കൽ മേഖലകളിലും ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെടുകയും അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാപ്രദേശിനും സമീപം ഒരു തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
Discussion about this post