ന്യൂഡൽഹി : ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിധ്യത്തിൽ നീരജ് ചോപ്ര ബഹുമതി ഏറ്റുവാങ്ങി. സൈനിക യൂണിഫോമിൽ എത്തിയ നീരജിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലെഫ്റ്റനന്റ് കേണൽ മുദ്ര അണിയിച്ച് ആദരിച്ചു.
തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡലുകൾ നേടിയിട്ടുള്ള
27 കാരനായ ജാവലിൻ ത്രോ താരം ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തിൽ നിന്നുള്ളയാളാണ്. 2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി. നീരജ് നേരത്തെ ഇന്ത്യൻ ആർമിയിൽ സുബേദാർ മേജറായിരുന്നു.
ഈ വർഷം മെയ് മാസത്തിൽ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നീരജിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയുള്ള സ്ഥാനക്കയറ്റം പ്രഖ്യാപിച്ചിരുന്നത്. നീരജ് ചോപ്രയുടെ അത്‌ലറ്റിക്സിലെ അസാധാരണ നേട്ടങ്ങളെയും ദശലക്ഷക്കണക്കിന് യുവ ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെയും ആദരിച്ചുകൊണ്ടാണ് ഈ അംഗീകാരം. നീരജിന് മുമ്പ്, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് 2011 ൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചിരുന്നു.
Discussion about this post