ഇസ്ലാമാബാദ് : ജിഹാദി റിക്രൂട്ട്മെന്റിനായി ഓൺലൈൻ കോഴ്സ് ആരംഭിച്ച് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡായ ‘ജമാത് ഉൽ-മുമിനാത്തി’ലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി ‘തുഫത് അൽ-മുമിനാത്ത്’ എന്ന ഓൺലൈൻ പരിശീലന കോഴ്‌സ് ആണ് ആരംഭിച്ചിട്ടുള്ളത്.
നവംബർ 8 മുതൽ ആണ് ഓൺലൈൻ കോഴ്‌സ് ആരംഭിക്കുന്നത്. മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള ഉന്നത ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള സ്ത്രീകൾ ആയിരിക്കും വനിതാ ഭീകരർക്ക് പരിശീലനം നൽകുന്നത്. ‘ജിഹാദ്, മതം, ഇസ്ലാം എന്നിവയുടെ വീക്ഷണകോണിൽ നിന്നുള്ള കടമകളെക്കുറിച്ച്’ റിക്രൂട്ട് ചെയ്യപ്പെട്ടവരെ പഠിപ്പിക്കുമെന്നാണ് ഓൺലൈൻ കോഴ്സിനെ കുറിച്ചുള്ള അറിയിപ്പിൽ ജെയ്‌ഷെ മുഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്.
‘തുഫത് അൽ-മുമിനാത്ത്’ എന്ന ഓൺലൈൻ പരിശീലന കോഴ്‌സിൽ എല്ലാ ദിവസവും 40 മിനിറ്റ് ക്ലാസുകൾ നടത്തുമെന്നാണ് ജെയ്‌ഷെ മുഹമ്മദ് അറിയിച്ചിരിക്കുന്നത്. കൂടാതെ കോഴ്‌സിൽ ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും തീവ്രവാദ സംഘടന 500 പാകിസ്താൻ രൂപ സംഭാവനയായി ശേഖരിക്കുന്നുണ്ടെന്നും അവരെ ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കാൻ നിർബന്ധിക്കുന്നുണ്ടെന്നും രേഖകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്), ഹമാസ്, ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) എന്നിവയുടെ മാതൃകയിൽ ചാവേർ ആക്രമണങ്ങൾ നടത്താൻ പുരുഷ ബ്രിഗേഡുകൾക്കൊപ്പം, വനിതാ ബ്രിഗേഡുകളും രൂപീകരിക്കുക എന്നതാണ് ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത്.
Discussion about this post