പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പിനു മുൻപേ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് തിരിച്ചടി. പാർട്ടിയുടെ പിന്നാക്ക വിഭാഗ സെല്ലിലെ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. പിന്നാക്ക വിഭാഗത്തിലെ 50ഓളം നേതാക്കളാണ് രാജിവെച്ചത്.
ടിക്കറ്റ് വിതരണത്തിലെ അവഗണനയും പക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് ആർജെഡി പിന്നോക്ക വിഭാഗ സെല്ലിലെ നേതാക്കളുടെ കൂട്ടരാജി. രാജിവച്ചവരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഭോല സാഹ്നി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കുമാർ ഗൗരവ്, പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി ഗോപാൽ ലാൽ ദേവ്, ജില്ലാ ജനറൽ സെക്രട്ടറി ശ്യാം സുന്ദർ കാമത്ത്, സംസ്ഥാന സെക്രട്ടറി സുശീൽ സാഹ്നി എന്നിവരും മറ്റ് നിരവധി പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു.
ദർഭംഗയിൽ നടത്തിയ പത്രസമ്മേളനത്തിൽ രാജിവെച്ച നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. വളരെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആളുകൾ വർഷങ്ങളായി ആർജെഡിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും എന്നാൽ ടിക്കറ്റ് വിതരണത്തിൽ അവരെ പൂർണ്ണമായും അവഗണിച്ചുവെന്നും നേതാക്കൾ വെളിപ്പെടുത്തി. പാർട്ടിക്ക് ഇപ്പോൾ ഒരു പ്രത്യയശാസ്ത്രവും ഇല്ലെന്നും സാമ്പത്തിക ശക്തികളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്നുള്ളതിനാൽ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്ന് പിന്നോക്ക വിഭാഗ നേതാക്കൾ അറിയിച്ചു.
Discussion about this post