പല ഓർമ്മകളുമായും, നമ്മുടേതായ സാധനങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അവയെ ഉപേക്ഷിക്കാതെ കാലങ്ങളോളം സൂക്ഷിക്കുക എന്നത് പലരുടെയും ശീലമാണല്ലേ.. പങ്കാളി സമ്മാനിച്ച പുഷ്പങ്ങൾ മുതൽ മിഠായി കടലാസ് വരെ കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്നവർ, കുഞ്ഞുങ്ങളുടെ ആദ്യ കളിപ്പാട്ടം മുതൽ സ്നേഹത്തോടെ കരുതി വയ്ക്കുന്ന മാതാപിതാക്കൾ. പക്ഷേ ചിലർക്ക് വസ്തുക്കളെ വിട്ടുനിൽക്കാനോ ഉപേക്ഷിക്കാനോ കഴിയാതെ പോകുമ്പോൾ അതു ജീവിതത്തിന്റെ തന്നെ ഗതി തകർക്കുന്നു. ഈ അവസ്ഥയെയാണ് ഹോർഡിംഗ് ഡിസോർഡർ അഥവാ പൂഴ്ത്തിവയ്പ്പ് വൈകല്യം എന്ന് പറയുന്നത്. വസ്തുക്കൾ അമിതമായി ശേഖരിച്ച് വയ്ക്കുകയും അവ ഉപേക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതാണ് ഈ രോഗാവസ്ഥയുടെ മുഖ്യലക്ഷണം. അങ്ങിനെയാകുമ്പോൾ താമസസ്ഥലങ്ങൾ ഉപയോഗശൂന്യമായി മാറുന്നു. മുറികൾ നിറഞ്ഞു കവിഞ്ഞ വസ്തുക്കൾ, സാധനങ്ങളുടെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ എല്ലാം കൊണ്ടും അലങ്കോലമായ അവസ്ഥ. ഇത് സാധാരണമായ ഒരു സ്വഭാവമല്ല. ഒരു മാനസികാരോഗ്യ പ്രശ്നം തന്നെയാണ്. കാരണം ഇവർക്ക് വസ്തുക്കളെ ഉപേക്ഷിക്കുമ്പോൾ കടുത്ത വിഷമവും കുറ്റബോധവും അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ അവർ അവയെ സംരക്ഷിക്കാനുള്ള നിരന്തരമായ ആവശ്യമുള്ളതായി തോന്നുന്നു.
🔹ഹോർഡിംഗ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ വ്യക്തി ജീവിതത്തെ ബാധിക്കുന്നു:
മൂല്യം ഇല്ലാത്തവ പോലും വലിച്ചെറിയാൻ കഴിയാത്തത്
താമസസ്ഥലങ്ങൾ അലങ്കോലമായിത്തീരുക
വസ്തുക്കളെ നഷ്ടപ്പെടുമെന്ന ഭയം
തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട്
വസ്തുക്കളുടെ അമിത സമ്പാദനം
കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ
🔹 കാരണങ്ങൾ
ഹോർഡിംഗ് ഡിസോർഡറിന് പിന്നിൽ നിരവധി മാനസിക ഘടകങ്ങളുണ്ട്.
പലപ്പോഴും ഇത് ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബചരിത്രം, അല്ലെങ്കിൽ ജീവിതത്തിലെ ആഘാതങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കാണുന്നു. കൂടാതെ, തീരുമാനം എടുക്കാനും പദ്ധതികളൊരുക്കാനുമുള്ള ബുദ്ധിമുട്ടുകൾ (executive dysfunction) ഇവരിൽ കാണപ്പെടുന്നു.
🔹 ആഘാതങ്ങൾ
ഈ അവസ്ഥ വെറും വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നവയല്ല, അതിന് ഗൗരവമായ സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളുണ്ട്.
ഒറ്റപ്പെടൽ: സാമൂഹിക ബന്ധങ്ങൾ നഷ്ടപ്പെടുന്നു.
ലജ്ജയും കുറ്റബോധവും: മറ്റുള്ളവർ കാണുമെന്ന ഭയം കാരണം രോഗികൾ ഒറ്റപ്പെടുന്നു.
ആരോഗ്യ അപകടങ്ങൾ: പൊടി, ഫംഗസ്, ബാക്ടീരിയകൾ തുടങ്ങിയവ മൂലം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.
സുരക്ഷാ ഭീഷണി: അടിഞ്ഞുകൂടിയ വസ്തുക്കൾ തീപിടിത്തത്തിനും അപകടങ്ങൾക്കും ഇടയാക്കാം.
സാമ്പത്തിക പ്രതിസന്ധി: ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങുന്നതിലൂടെ സാമ്പത്തിക ബാധ്യത വർധിക്കും.
🔹 ചികിത്സ
ഹോർഡിംഗ് ഡിസോർഡറിന് പ്രധാനമായും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ഉപയോഗിക്കുന്നു.
തെറാപ്പിയിലൂടെ രോഗികൾക്ക് അവരുടെ ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും വസ്തുക്കളെ ഉപേക്ഷിക്കുന്നതിൽ ആത്മവിശ്വാസം നേടാനും സഹായിക്കുന്നു.
ചിലപ്പോൾ കംപാഷൻ-ഫോക്കസ്ഡ് തെറാപ്പി (CFT) പോലുള്ള ചികിത്സകളും ചേർത്തുപയോഗിക്കുന്നു.
മരുന്നുകൾ സാധാരണയായി ഉത്കണ്ഠയോ വിഷാദമോ പോലുള്ള അനുബന്ധ രോഗങ്ങൾക്ക് സഹായകമാകുന്നുവെങ്കിലും, ഈ രോഗത്തിനുള്ള പ്രത്യേക മരുന്ന് ഇപ്പോഴും ഗവേഷണ വിഷയമാണ്.
🔹 മറ്റ് തരത്തിലുള്ള പൂഴ്ത്തിവയ്പ്പുകൾ
ഹോർഡിംഗ് എന്നത് വ്യക്തിപരമായ രോഗാവസ്ഥയായിരിക്കുമ്പോഴും, സമൂഹത്തിൽ മറ്റുപ്രകാരമായ പൂഴ്ത്തിവയ്പ്പുകൾ കാണപ്പെടുന്നു. സാമ്പത്തിക പൂഴ്ത്തിവയ്പ്പ്: കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനും ലാഭം കൂട്ടുന്നതിനുമായി വിഭവങ്ങൾ ശേഖരിക്കുന്ന രീതി.
പൊതുവായ പൂഴ്ത്തിവയ്പ്പ്: പ്രകൃതിദുരന്തം, കലാപം എന്നിവയോടുള്ള ഭയത്തിൽ ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയവ അമിതമായി ശേഖരിക്കൽ.
Discussion about this post