ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട് എന്ന് മാത്രമേ പറയാനുള്ളു. ഇന്ത്യയിൽ നടക്കുന്ന വനിതാ ലോകകപ്പിൽ കളിക്കുന്ന രണ്ട് ഓസ്ട്രേലിയൻ വനിതാ താരങ്ങൾക്കുനേരെ വ്യാഴാഴ്ച്ച ഇൻഡോറിൽ വെച്ച് ആക്രമണം ഉണ്ടായി. ഓസ്‌ട്രേലിയൻ ടീമിന്റെ സുരക്ഷാ മാനേജർ ഡാനി സിമ്മൺസ് ഇന്നലെ വൈകുന്നേരം തന്നെ ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവസമയത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതിയായ അഖീൽ ഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഐസിസി വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ ഭാഗമായ കളിക്കാർ, ടീമിലെ മറ്റുള്ളവർക്കൊപ്പം റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു താമസിച്ചത്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, വ്യാഴാഴ്ച രാവിലെ ഖജ്രാന റോഡ് പ്രദേശത്ത് നടന്ന സംഭവത്തിൽ ഉൾപ്പെട്ട ആളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.
രണ്ട് ക്രിക്കറ്റ് താരങ്ങളും ഹോട്ടലിൽ നിന്ന് ഇറങ്ങി ഒരു കഫേയിലേക്ക് നടക്കുമ്പോൾ, മോട്ടോർ സൈക്കിളിൽ വന്ന അഖീൽ അവരെ ആക്രമിക്കുക ആയിരുന്നു. ഇരുവരും തങ്ങളുടെ ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മൺസിനെ ഉടനടി ബന്ധപ്പെട്ടു. അദ്ദേഹം പ്രാദേശിക സുരക്ഷാ ലെയ്‌സൺ ഓഫീസർമാരുമായി ഏകോപിപ്പിക്കുകയും സഹായത്തിനായി ഒരു വാഹനം അയയ്ക്കുകയും ചെയ്തു.
വനിതാ ഏകദിന ലോകകപ്പിൽ സെമിയിലെത്തിയ ഓസ്ട്രേലിയൻ വനിതാ ടീം ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടാനിറങ്ങുകയാണ്. ഇൻഡോറിലാണ് ഈ മത്സരം നടക്കുന്നത്. ലോകകപ്പിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അവരുടെ ഒരു മത്സരം മഴമൂലം ഒഴിവാക്കുക ആയിരുന്നു.













Discussion about this post