ലഖ്‌നൗ : നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രവർത്തനസജ്ജമായതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2025 ഒക്ടോബർ 30 ന് വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്നും യോഗി വ്യക്തമാക്കി. നോയ്ഡ ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ ആണ് അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത്. ഈ വർഷം ആദ്യ ഘട്ടം മുതൽ ഘട്ടം ഘട്ടമായി വിമാനത്താവളം പൂർണ്ണമായും പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏകദേശം 5,000 ഹെക്ടർ വിസ്തൃതിയുള്ള ഈ വിമാനത്താവളം നാല് ഘട്ടങ്ങളിലായിട്ടാണ് നിർമ്മാണം പൂർത്തിയാക്കുക. 2040 ആകുമ്പോഴേക്കും 70 ദശലക്ഷം വാർഷിക യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന അന്താരാഷ്ട്ര വിമാനത്താവളം ആക്കി മാറ്റാൻ ആണ് ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്.
ശനിയാഴ്ച യോഗി ആദിത്യനാഥ് വിമാനത്താവളം സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രമായ പരിശോധന നടത്തിയ മുഖ്യമന്ത്രി ജില്ലാ, വിമാനത്താവള അധികൃതരുമായി ഉന്നതതല അവലോകന യോഗം നടത്തുകയും ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ്, പ്രാദേശിക എംഎൽഎമാർ, യമുന എക്‌സ്‌പ്രസ്‌വേയുടെയും നോയിഡ അധികൃതരുടെയും സിഇഒമാർ എന്നിവരുൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥർ ഈ അവലോകന യോഗത്തിൽ പങ്കെടുത്തു.











Discussion about this post