ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ വേദനയിലാണ് അടിമാലിക്കാർ. മണ്ണിടിച്ചിലിൽ കുടുങ്ങിയ ഭർത്താവിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ലക്ഷംവീട് നിവാസിയായ ബിജുവാണ് മരിച്ചത്. ആറര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 4.50 ഓടെയാണ് ബിജുവിനെ പുറത്തെത്തിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മണ്ണിടിയുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചത്. മറ്റിപ്പാർപ്പിച്ച ക്യാംപിൽ കഴിയണമെങ്കിൽ റേഷൻകാർഡ് കാണിക്കണമെന്ന് അധികൃതർ നിർബന്ധം പിടിച്ചുവെന്നും ഇതനുസരിച്ച് റേഷൻകാർഡ് എടുക്കാൻ വീട്ടിൽ പോയപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടതെന്നും നാട്ടുകാർ ആരോപിക്കുന്നു.
‘നിർത്താതെ മഴ പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ഇന്നലെ മാത്രമാണ് അൽപ്പം ആശ്വാസമുണ്ടായത്. ഇന്നലെ കൂടെ മഴ പെയ്തിരുന്നെങ്കിൽ ഇതിലും വലിയ ദുരന്തം ഇവിടെ സംഭവിച്ചേനെ. ഒരുപാട് വീടുകൾ പോയേനെ. മെമ്പർ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ ഇവിടുന്ന് ഗവൺമെന്റ് സ്‌കൂളിലേക്ക് മാറിയത്. അവിടെ ചെന്നപ്പോൾ റേഷൻകാർഡ് വേണമെന്ന് അവർ നിർബന്ധം പിടിച്ചു. ആധാറും മൊബൈൽ നമ്പറും പോരേന്ന് ചോദിച്ചിട്ടും പോരാ റേഷൻകാർഡ് വേണമെന്ന് നിർബന്ധിച്ചപ്പോഴാണ് അത് എടുക്കാനായി വീട്ടിലേക്ക് മടങ്ങിയെത്തിയത്. അപ്പോൾ സമയം എട്ടുമണിയായി. ഓട്ടോ വിളിച്ച് വന്ന് റേഷൻ കാർഡ് എടുത്തോണ്ടുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പത്ത് മിനിറ്റ് താമസിച്ചിരുന്നെങ്കിൽ ഞാനും പെട്ടേനെ. അപകടത്തിൽപ്പെട്ടവരും റേഷൻ കാർഡ് എടുക്കാൻ വന്നതാണ്. അങ്ങനെയാണ് അവർ അതിൽപ്പെട്ട് പോകുന്നതെന്ന് പ്രദേശവാസി വ്യക്തമാക്കി.













Discussion about this post