ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും 2027 ലോകകപ്പിന് മുമ്പ് ഏകദിനത്തിൽ നിന്ന് പുറത്താക്കാൻ ചില ‘സെലക്ടർമാർ’ കാത്തിരിക്കുകയാണെന്ന് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു. രോഹിത്തിനും വിരാടിനും എതിരെ തിരിയുന്ന ആളുകളൊക്കെ ചില നീക്കങ്ങൾ നടത്തും എങ്കിലും സൗത്താഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ രോഹിത്തിന്റെയും കോഹ്‌ലിയുടെയും പരിചയസമ്പത്ത് ഇന്ത്യക്ക് ആവശ്യം ആണെന്ന് കൈഫ് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നടന്ന മൂന്ന് ഏകദിനങ്ങളിൽ വിരാടും രോഹിതും ഉൾപ്പെട്ടപ്പോൾ മുതൽ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു. ഇരുവരുടെയും അവസാന ഏകദിന പരമ്പര ആണെന്ന് ചിലർ പറഞ്ഞു. എന്നാൽ പരമ്പര കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇരുതാരങ്ങളും ഇനിയും തങ്ങൾക്ക് ബാല്യം ഉണ്ടെന്ന് തെളിയിച്ചു.
കൈഫ് പറഞ്ഞത് ഇങ്ങനെ:
“ചില ആളുകൾ തങ്ങൾ പരാജയപ്പെടാൻ കാത്തിരിക്കുകയാണെന്ന് അവർക്കറിയാം. സെലക്ടർമാരും ചില മാധ്യമപ്രവർത്തകരുമുണ്ട് ആ കൂട്ടത്തിൽ. എന്നാൽ അവരുടെ മുഖം നോക്കൂ. ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കുന്ന സമയത്ത് തന്നെ അവർ ശാന്തരായിരുന്നു. അവർക്ക് ദൃഢനിശ്ചയമുണ്ട്. ടീമിൽ നിന്ന് തങ്ങൾ പുറത്ത് പോകാതിരിക്കാൻ ആവശ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു” കൈഫ് പറഞ്ഞു.
“ദക്ഷിണാഫ്രിക്കയിൽ, രോഹിത്തും വിരാടും കൊണ്ടുവരുന്ന അനുഭവം ടീമിന് അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയുടെ ബൗൺസി ട്രാക്കിൽ നിങ്ങൾക്ക് രോഹിത് ശർമ്മയെ ആവശ്യമാണ്. വിരാടും അങ്ങനെ തന്നെ. ഫാസ്റ്റ്, ബൗൺസി സ്ട്രിപ്പുകളിൽ അദ്ദേഹം നന്നായി കളിക്കുന്നു. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് രോഹിത് ശർമ്മ തെളിയിച്ചിട്ടുണ്ട്. ആരാധകരുടെ പിന്തുണയുണ്ട് അവർക്ക്” കൈഫ് കൂട്ടിച്ചേർത്തു.













Discussion about this post