മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഛത്രപതി സംഭാജിനഗർ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് സൗത്ത് സെൻട്രൽ റെയിൽവേ. പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാക്കിയതായും സ്റ്റേഷനിലെ എല്ലാ സൈൻബോർഡുകളിലും ടിക്കറ്റുകളിലും അറിയിപ്പുകളിലും ഡിജിറ്റൽ സിസ്റ്റങ്ങളിലും പുതിയ പേര് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു.
സൗത്ത് സെൻട്രൽ റെയിൽവേയുടെ ഭാഗമായ നാന്ദേഡ് ഡിവിഷനിലെ ‘ഔറംഗബാദ് ‘റെയിൽവേ സ്റ്റേഷനാണ് ഇനി ഔദ്യോഗികമായി പുതിയ പേരിൽ അറിയപ്പെടുക. റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉൾപ്പെടെ യാത്രക്കാർ ഈ പേര് മാറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്നാണ് റെയിൽവേ അറിയിക്കുന്നത്. ഈ സ്റ്റേഷന്റെ പുതിയ സ്റ്റേഷൻ കോഡ് “CPSN” ആയിരിക്കും എന്നും സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു.
മഹാരാഷ്ട്ര സർക്കാരിന്റെ ശുപാർശയ്ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനും ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് റെയിൽവേ അറിയിച്ചു. മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ ധീരതയെയും ചരിത്രപരമായ സംഭാവനകളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഷന്റെ പുതിയ പേര് ഛത്രപതി സംഭാജിനഗർ എന്ന് മാറ്റിയിരിക്കുന്നത്. 2022-ലാണ് ഔറംഗാബാദ് നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നത്. ഇപ്പോൾ റെയിൽവേ സ്റ്റേഷന്റെ പേരുകൂടി ഔദ്യോഗികമായി മാറ്റം വരുത്തിയിരിക്കുകയാണ്.









Discussion about this post