പട്ന : ബീഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങൾക്ക് പുതിയ വാഗ്ദാനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ബീഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ എത്തിയാൽ വഖഫ് നിയമമെടുത്ത് ചവറ്റുകുട്ടയിൽ എറിയും എന്നാണ് ഏറ്റവും പുതുതായി തേജസ്വി യാദവ് വ്യക്തമാക്കിയിരിക്കുന്നത്. കതിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മഹാസഖ്യം സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാൽ, കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് (ഭേദഗതി) നിയമം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് ആർജെഡി നേതാവ് വാഗ്ദാനം ചെയ്തത്.
“എന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും വർഗീയ ശക്തികളുമായി വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ എപ്പോഴും അത്തരം ശക്തികൾക്കൊപ്പമാണ് നിലകൊണ്ടത്. ഇന്ന് ആർഎസ്എസും സഖ്യകക്ഷികളും ബീഹാറിലും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. അവർ മുസ്ലിം വിഭാഗത്തിനെതിരെയാണ്. വഖഫ് നിയമം അതിന് ഉദാഹരണമാണ്. മഹാസഖ്യം സർക്കാർ രൂപീകരിച്ചാൽ വഖഫ് നിയമം നിർത്തലാക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു” എന്നും തേജസ്വി യാദവ് അറിയിച്ചു.
സീമാഞ്ചൽ മേഖലയുടെ വികസനത്തിനായി എൻഡിഎ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി. ആർജെഡി സർക്കാർ രൂപീകരിച്ചാൽ സീമാഞ്ചൽ വികസന അതോറിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള പൂർണിയ, അരാരിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകൾ ഉൾപ്പെടുന്നതാണ് സീമാഞ്ചൽ. അതേസമയം തേജസ്വി യാദവ് ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനം നൽകി മുസ്ലിം വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ബീഹാറിൽ ആർജെഡി അധികാരത്തിൽ വന്നാൽ പോലും ഒരു മുഖ്യമന്ത്രിക്ക് ഒരു കേന്ദ്ര നിയമം എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ബിജെപി ചോദ്യമുന്നയിച്ചു. തേജസ്വി യാദവിന് ജനങ്ങൾക്ക് നൽകാൻ കഴിയുന്ന വെറും വാഗ്ദാനങ്ങൾ മാത്രമായിരിക്കും എന്നും എൻഡിഎ വ്യക്തമാക്കി.









Discussion about this post