റായ്പൂർ : ഛത്തീസ്ഗഡിൽ കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് വൻവിജയം നൽകിക്കൊണ്ട് ഇന്ന് 21 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബസ്തർ ഡിവിഷനിലെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ 21 കമാൻഡർമാർ ആണ് ജില്ലാ ഭരണകൂടത്തിന് മുൻപിൽ കീഴടങ്ങിയത്. എകെ-47 ഉൾപ്പെടെ 18 ആയുധങ്ങളും ഇവർ സർക്കാരിന് മുൻപിൽ സമർപ്പിച്ചു.
ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി മുകേഷും കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരിൽ ഉൾപ്പെടുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. 13 സ്ത്രീകളും 8 പുരുഷന്മാരും ആണ് ഇന്ന് കീഴടങ്ങിയത്. അധികൃതർക്ക് കൈമാറിയ ആയുധങ്ങളിൽ ആയുധങ്ങളിൽ 3 എകെ-47 റൈഫിളുകൾ, 4 എസ്എൽആർ റൈഫിളുകൾ, 2 ഇൻസാസ് റൈഫിളുകൾ, 6 .303 റൈഫിളുകൾ, 2 സിംഗിൾ-ഷോട്ട് റൈഫിളുകൾ, 1 ബിജിഎൽ ആയുധം എന്നിവ ഉൾപ്പെടുന്നു.
ഇടതുപക്ഷ തീവ്രവാദ സ്വാധീനം തടയുന്നതിനും, സമൂഹ വിശ്വാസം വളർത്തിയെടുക്കുന്നതിനും, ബസ്തറിൽ സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇതെന്ന് ബസ്തർ ഐജി പി. സുന്ദർരാജ് വ്യക്തമാക്കി. കീഴടങ്ങിയവരുടെ പുനരധിവാസത്തിനുള്ള പ്രക്രിയകൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. മേഖലയിൽ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ബസ്തർ ഐജി മുന്നറിയിപ്പ് നൽകി.









Discussion about this post