വാഷിങ്ങ്ടൺ; യുഎസ് നേവിയുടെ ഒരു ഹെലികോപ്റ്ററും ഒരു ഫൈറ്റർ ജെറ്റും തകർന്നുവീണതായി റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഹെലികോപ്റ്ററും ഫൈറ്റർ ജെറ്റും തകർന്നുവീണതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രസിഡന്റ് ട്രംപിന്റെ മലേഷ്യ സന്ദർശനത്തിനിടെ ആണ് യുഎസ് നേവിക്ക് ഈ തിരിച്ചടി നേരിട്ടത് . രണ്ട് അപകടങ്ങളിൽ നിന്നും എല്ലാ ക്രൂ അംഗങ്ങളും രക്ഷപ്പെട്ടു എന്നത് യുഎസിനെ സംബന്ധിച്ച് ആശ്വാസകരമായ റിപ്പോർട്ടാണ്.
നാവികസേനയുടെ ഹെലികോപ്റ്റർ മാരിടൈം സ്ട്രൈക്ക് സ്ക്വാഡ്രൺ (HSM) 73-ൽ ഘടിപ്പിച്ചിരുന്നതാണെന്ന് യുഎസ് നാവികസേന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. MH-60R സീഹോക്ക് ഹെലികോപ്റ്റർ വിമാനവാഹിനിക്കപ്പലായ USS Nimitz-ൽ നിന്ന് പതിവ് പെട്രോളിങ്ങ് ദൗത്യത്തിനായി ഉച്ചയ്ക്ക് 2:45-ന് പറന്നുയർന്ന് കടലിൽ തകർന്നുവീയുകയായിരുന്നു. രക്ഷാപ്രവർത്തകർ മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. സംഭവത്തെത്തുടർന്ന്, അപകട കാരണത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു.
ഹെലികോപ്റ്റർ അപകടത്തിന് അരമണിക്കൂറിനുശേഷം രണ്ടാമത്തെ അപകടവും സംഭവിച്ചു. ഈ സംഭവത്തെത്തുടർന്ന്, ഉച്ചകഴിഞ്ഞ് 3:15 ന്, സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രൺ (VFA) 22 ന്റെ ഫൈറ്റിംഗ് റെഡ്ഹോക്സിനൊപ്പം വിന്യസിച്ചിരിക്കുന്ന ഒരു F/A-18F സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനമാണ് തകർന്നുവീണത്. പതിവ് പെട്രോളിങ്ങ് ദൗത്യത്തിനിടെയാണ് യുദ്ധവിമാനവും തകർന്നുവീണത്. നാവികസേനയുടെ റിപ്പോർട്ട് അനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചൈനയും നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും അതിർത്തി പങ്കിടുന്ന നിർണായകമായ ദക്ഷിണ ചൈനാ കടലിന്റെ ചില ഭാഗങ്ങൾക്ക് പല ലോകരാജ്യങ്ങളും അവകാശങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ധിക്കരിച്ച്, ബീജിംഗ്, തന്ത്രപ്രധാനമായ മുഴുവൻ ജലപാതയുടെയും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്ര നാവിഗേഷൻ നിലനിർത്താനുള്ള യുഎസ് ശ്രമങ്ങങ്ങൾക്ക് ബിജിംഗ് നേരിട്ട് വെല്ലുവിളി ഉയർത്തുന്നുണ്ട്. കടലിന് കുറുകെ സൈനിക കേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ട് ചൈന അതിന്റെ പ്രദേശിക അവകാശവാദങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബീജിംഗിന്റെ സമുദ്ര വികാസത്തെ ചെറുക്കുന്നതിനുള്ള വാഷിംഗ്ടണിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് യുഎസ് നാവികസേനയുടെ പ്രവർത്തനങ്ങൾ.












Discussion about this post