ന്യൂഡൽഹി : മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ 23 ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകൾക്ക് നൽകിയിട്ടുള്ളത്. സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി മോദി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി ഏകോപിപ്പിക്കാൻ മോദി ആവശ്യപ്പെട്ടു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ആഴത്തിലുള്ള ന്യൂനമർദമാണ് ‘മോന്ത’ എന്ന ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നത്. തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിന് ഈ പേര് നൽകിയിരിക്കുന്നത്. സുന്ദരമായ പുഷ്പം എന്നാണ് തായ് ഭാഷയിൽ മോന്തയുടെ അർത്ഥം. എന്നാൽ ഇന്ത്യയുടെ വിവിധ തീരപ്രദേശങ്ങളിൽ മോന്ത വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മോന്ത ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ആന്ധ്രപ്രദേശിലെ എസ്പിഎസ്ആർ നെല്ലൂർ, പ്രകാശം, ബാപട്‌ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഡോ. ബിആർ അംബേദ്കർ കൊണസീമ, കാക്കിനട എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് ഇവിടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തിങ്കളാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിലവിലെ ഖാരിഫ് സീസൺ അവസാനം ഘട്ടത്തിൽ ആയ സമയം ആയതിനാൽ നെല്ല് വിളവെടുപ്പിന് ഒരുങ്ങിയിരിക്കുന്ന ഈ വേളയിൽ ഉണ്ടാകുന്ന പ്രകൃതിക്ഷോഭം കർഷകർക്കിടയിലും കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.










Discussion about this post