ന്യൂഡൽഹി : ഡൽഹി കലാപ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബർ 2 ന് ഡൽഹി ഹൈക്കോടതി ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒമ്പത് പേർക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കാതെ മാറ്റിവെച്ചത്.
2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന കേസിൽ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം, മുൻ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) വിദ്യാർത്ഥി ഉമർ ഖാലിദ്, മറ്റ് മൂന്ന് പേർ എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതാണ് സുപ്രീം കോടതി മാറ്റിവെച്ചത്. ഒക്ടോബർ 31ലേക്കാണ് വാദം കേൾക്കൽ മാറ്റിവെച്ചിട്ടുള്ളത്.
ഡൽഹി പോലീസിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതി കേസിലെ വാദം കേൾക്കൽ മാറ്റിവെച്ചത്. 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന്റെ സൂത്രധാരന്മാർ ആണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെയുള്ള പ്രതികൾ എന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൂചിപ്പിക്കുന്നത്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), മുൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.










Discussion about this post