ദിസ്പുർ : അസമിൽ കോൺഗ്രസിന്റെ പരിപാടിയിൽ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തിൽ അന്വേഷണം. അസം സർക്കാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ബരാക് താഴ്‌വരയിലെ ശ്രീഭൂമിയിൽ നടന്ന ഒരു കോൺഗ്രസ് പരിപാടിയിൽ ആണ് ബംഗ്ലാദേശിലെ ദേശീയ ഗാനമായ അമർ സോണാർ ബംഗ്ല ആലപിച്ചത്.
അസം കോൺഗ്രസ് നേതാവ് ബിദു ഭൂഷൺ ദാസ് ആണ് പരിപാടിയിൽ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ചത്. കഴിഞ്ഞദിവസം ബംഗ്ലാദേശിന്റെ നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനുസ് പാകിസ്താൻ പ്രധാനമന്ത്രിക്ക് നൽകിയ ബംഗ്ലാദേശ് ഭൂപടത്തിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ അതിർത്തിക്കുള്ളിൽ കാണിച്ചതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്താണ് അസമിലെ കോൺഗ്രസിന്റെ ഈ വിഘടനവാദപരമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ശ്രീഭൂമി പട്ടണത്തിലെ കോൺഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനിൽ നടന്ന കോൺഗ്രസ് സേവാദൾ യോഗത്തിനിടെ കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ച് പരിപാടിക്ക് തുടക്കമിട്ടത്. ദേശീയതയ്ക്ക് നേരെയുള്ള അപമാനമാണ് അസമിൽ നടന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ ബംഗാളി സംസ്കാരത്തെ ആഘോഷിക്കാനാണ് തങ്ങൾ ഈ ഗാനം ആലപിച്ചത് എന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. ബംഗ്ലാദേശ് ദേശീയ ഗാനം ടാഗോറിന്റെ രചനയാണെന്നും അത് ആലപിക്കുന്നതിൽ തെറ്റില്ലെന്ന് ആണ് കോൺഗ്രസ് വാദിക്കുന്നത്. ബിജെപിയാണ് ഈ സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്നാണ് അസം കോൺഗ്രസ് അഭിപ്രായപ്പെട്ടത്.









Discussion about this post