പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ സ്വന്തം പാർട്ടിയിലെ നേതാക്കളെ തന്നെ പുറത്താക്കുന്ന തിരക്കിലാണ്. ബുധനാഴ്ച ഒരു എംഎൽഎ ഉൾപ്പെടെ 10 പ്രധാന നേതാക്കളെ ആർജെഡി പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 3 എംഎൽഎമാർ ഉൾപ്പെടെ 37 നേതാക്കളെയാണ് ആർജെഡി പുറത്താക്കിയിട്ടുള്ളത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് എംഎൽഎമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ആർജെഡിയിൽ നിന്നും പുറത്താക്കുന്നത്. തേജസ്വി യാദവ് നയിക്കുന്ന പാർട്ടിയിൽ കനത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നത് പല ഉന്നത നേതാക്കളും പാർട്ടിക്കും നേതൃത്വത്തിനും എതിരായ പരാമർശങ്ങൾ നടത്തിയതോടെയാണ് ആർജെഡി കൂട്ട പുറത്താക്കലിലേക്ക് നീങ്ങിയിട്ടുള്ളത്.
ചൊവ്വാഴ്ച രണ്ട് സിറ്റിംഗ് എംഎൽഎമാരെയും അഞ്ച് മുൻ എംഎൽഎമാർ ഉൾപ്പെടെ 25 മറ്റ് നേതാക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച ഒരു സിറ്റിംഗ് എംഎൽഎയും 10 പ്രധാന നേതാക്കളെയും പുറത്താക്കിയിരിക്കുന്നത്. ഡെഹ്രിയിൽ നിന്നുള്ള എംഎൽഎ ഫത്തേ ബഹാദൂർ സിങ്ങ് ആണ് ഇന്ന് പുറത്താക്കപ്പെട്ട എംഎൽഎ. പുറത്താക്കപ്പെട്ട നേതാക്കളുടെ പട്ടികയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് കുമാർ, മുൻ എംഎൽഎമാരായ ഗുലാം ജിലാനി വാർസി, റെയാസുൾ ഹഖ് രാജു എന്നിവരും ഉൾപ്പെടുന്നു.









Discussion about this post