സോൾ : യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദക്ഷിണകൊറിയയിൽ വച്ച് നടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ സാധ്യതയുള്ള ഒരു കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചതായി ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കി.
ഇരു നേതാക്കളും ഒരു മണിക്കൂറും 40 മിനിറ്റും കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് ബ്രോഡ്കാസ്റ്റർ ആയ സിസിടിവി റിപ്പോർട്ട് ചെയ്തു. നിശ്ചയിച്ചതിലും കൂടുതൽ സമയം നീണ്ടുനിന്ന ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാപാരവും താരിഫുകളും സംബന്ധിച്ച വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച നടന്നത് എന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്ക് സംഘർഷം ഉണ്ടാകുന്നത് സാധാരണമാണെന്നായിരുന്നു ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുൻപ് ഷി ജിൻപിങ് അഭിപ്രായപ്പെട്ടിരുന്നത്. യുഎസുമായി പങ്കാളികളും സുഹൃത്തുക്കളും ആയിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ബന്ധം ശരിയായ പാതയിൽ തന്നെ തുടരണമെന്നും ഷി ജിൻപിങ് വ്യക്തമാക്കി. നിലവിൽ ദക്ഷിണ കൊറിയയിൽ ഇരു പ്രസിഡണ്ടുമാരും തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചെങ്കിലും ഇരുരാജ്യങ്ങളും ചർച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല.









Discussion about this post