ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു സുപ്രധാന ഫോൺ സംഭാഷണം നടത്തി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനേ തകായിച്ചി. ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്ത് അധികാരമേറ്റ് ഒരു ആഴ്ചയ്ക്ക് ശേഷമാണ് തകായിച്ചി ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഈ സുപ്രധാന ടെലഫോൺ ചർച്ച നടത്തിയത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധങ്ങളിൽ ഒരു ‘സുവർണ്ണ അധ്യായം’ തുറക്കാൻ ആഗ്രഹിക്കുന്നുവെന്ന് സനേ തകായിച്ചി സൂചിപ്പിച്ചു.
സാമ്പത്തിക സുരക്ഷ, പ്രതിരോധം, പ്രതിഭാ മൊബിലിറ്റി എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ജപ്പാനും ഇന്ത്യയും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രിയുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തകായിച്ചി പറഞ്ഞു.
മുൻ ജപ്പാൻ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായിരുന്ന അന്തരിച്ച ഷിൻസോ ആബെയുടെ ഏറ്റവും അടുത്ത അനുയായി ആണ് സനേ തകായിച്ചി. ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ യാഥാസ്ഥിതികയായ തകായിച്ചി രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ്. ഇന്ത്യ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെയുള്ള ഇന്തോ-പസഫിക് പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അധികാരമേറ്റശേഷം തകായിച്ചി വ്യക്തമാക്കിയിരുന്നു.









Discussion about this post