ചണ്ഡീഗഡ് : പാകിസ്താന് വേണ്ടി പഞ്ചാബ് അതിർത്തി വഴി ആയുധക്കടത്ത് നടത്തിയിരുന്ന ഒരു സംഘത്തെ പിടികൂടി പോലീസ്. അമൃത്സർ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. പാകിസ്താനുമായി ബന്ധമുള്ള ആയുധ കള്ളക്കടത്തുകാരാണ് ഇവരെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.
സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെൽ പിടികൂടിയ പ്രതികൾക്കെതിരെ അമൃത്സർ പോലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് ഒമ്പത് പിസ്റ്റളുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അമൃത്സർ കൗണ്ടർ ഇന്റലിജൻസ് (സിഐ) അതിർത്തി കടന്നുള്ള അനധികൃത ആയുധക്കടത്ത് മൊഡ്യൂൾ ആണ് അറസ്റ്റിലായത് എന്നാണ് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നത്.
ഭങ്‌വ ഗ്രാമവാസിയായ ദേവീന്ദർ സിംഗ്, പമ്മ എന്ന പരംജിത് സിംഗ്, മീതു എന്ന ഹർമീത് സിംഗ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പഞ്ചാബിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുപ്രസിദ്ധ ഗുണ്ടാസംഘം ജോബൻജിത് സിംഗ് എന്ന ബില്ല മംഗയുടെ അടുത്ത കൂട്ടാളിയായ ഷെർപ്രീത് സിംഗ് എന്ന ഗുലാബയ്ക്ക് ആയുധങ്ങൾ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ ഉപയോഗിച്ച് അമൃത്സറിലെ ഭിണ്ടി ഔലാഖ് ഗ്രാമത്തിൽ ആയുധങ്ങൾ എത്തിച്ചാണ് ഇവർ കള്ളക്കടത്ത് നടത്തിയിരുന്നത്.









Discussion about this post