തടഞ്ഞതാകെയും..
കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ്
ഉദിച്ചുയർന്നുവോ..
തളർന്ന പേരു നാം തിരിച്ചു നേടവേ..
താരങ്ങൾ പാടിയോ.. ഭാവുകമായ്
ഇന്നൊരു മറഞ്ഞൊരു ജാലകം തുറക്കുകയായ്
കണ്ണോരം കനവുകൾ.. പാറിടും നിമിഷമിതാ.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗോദ എന്ന ചിത്രത്തിലെ ” ഇന്നലെകളിൽ നേടിയതെല്ലാം” എന്ന ഗാനത്തിലെ വരികളാണ് മുകളിൽ എഴുതിയിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയിരിക്കുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ആണെങ്കിലും ഈ പാട്ടിനോട് ഒരു ഇഷ്ടം പണ്ട് മുതലേ കൂടുതലാണ്. തളർന്നിരിക്കുമ്പോൾ, തോറ്റെന്ന് കരുതി സങ്കടപെടുമ്പോൾ, ഇനി ഒരു തിരിച്ചുവരവ് ഇല്ല എന്ന് കരുതി എല്ലാവരും പുച്ഛിച്ചു തള്ളിയിടുമ്പോൾ, അതെല്ലാം മറന്ന് തിരിച്ചുവരാൻ ശ്രമിക്കാറുണ്ട്. അപ്പോഴൊക്കെ ഈ പാട്ടിലെ ” തളർന്ന പേരും നാം തിരിച്ചുനേടവേ” എന്ന വാരി മാത്രം മനസിലേക്ക് കയറിവരും. എന്നോ ഉണ്ടായിരുന്ന, പിന്നെ നഷ്ടപെട്ട ആ നല്ല കാലം തിരിച്ചുനേടുമ്പോൾ പഴയതൊക്കെ മറന്ന് ഏവരും നമ്മുടെ ഒപ്പം കൂടുകയും നമ്മുടെ ആളുകളാകുകയും ചെയ്യും. ഇതൊക്കെ സിനിമയിലെ വരികളിലെ നടക്കൂ ജീവിതത്തതിൽ നടക്കുമോ എന്ന് ചോദിച്ചാൽ, അല്ല എന്ന ഉത്തരമേ ഞാൻ പറയൂ. ജീവിതത്തിൽ നല്ല കാലം വരുമ്പോൾ പണ്ട് പുച്ഛിച്ചവരോക്കെ കൂടെ കൂടുന്ന അനുഭവമുള്ള ചില ആളുകൾ എങ്കിലും നമ്മുടെ കൂടെ ഇല്ലേ. ഇനി അങ്ങനെ കണ്ടിട്ടില്ലാത്തവർക്ക് ഒരാളെ പരിചയപ്പെടുത്തി തരാം- “ജെമിമ റോഡ്രിഗസ്”
ഇന്ത്യ- ഓസ്ട്രേലിയ വനിതാ ലോകകപ്പ് സെമിഫൈനൽ മത്സരം മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞായറാഴ്ച്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ സൗത്താഫ്രിക്കയെ എതിരിടാൻ പോകുന്ന ഓസ്ട്രേലിയ ടീം കപ്പ് നേടിയതിന് ശേഷം നടത്തുന്ന ആഘോഷമൊക്കെ സോഷ്യൽ മീഡിയ ചർച്ചയാക്കി. ഇന്ത്യയെ വെച്ചുനോക്കുമ്പോൾ അതിശക്തരായതിനാൽ തന്നെ ഓസ്‌ട്രേലിയക്ക് സാധ്യതകൾ കൊടുത്തതിൽ ആരെയും കുറ്റം പറയാനില്ല. ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തന്നെ ഇന്ത്യയുടെ തോൽവി എത്ര റൺസിനായിരിക്കും എന്നായി ചർച്ചകൾ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഫോബ് ലിച്ച്ഫീൽഡ് നേടിയ തകർപ്പൻ സെഞ്ച്വറി മികവിൽ നേടിയത് 338 റൺസ്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും വലിയ ചെയ്‌സുകളിൽ ഒന്നിൽ നടത്തിയാൽ മാത്രമേ ഇന്ത്യ ജയിച്ചു കയറൂ എന്നതായി അവസ്ഥ. ബാറ്റിംഗ് അനുകൂല ട്രാക്ക് ആണെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല, ഓസ്‌ട്രേലിയയുടെ മികച്ച ബോളിങ് അറ്റാക്ക് തന്നെ അതിന് കാരണം.
സ്‌മൃതി മന്താന എത്ര നേരം പിടിച്ചുനിൽക്കുന്നോ അത്രയും തോൽവിഭാരം ഒഴിവാക്കാം എന്നതായി പിന്നെയുള്ള ചർച്ചകൾ. സ്‌മൃതിക്കൊപ്പം ഇറങ്ങിയ സഹ ഓപ്പണർ ഷഫാലി വർമ്മ രണ്ട് ബൗണ്ടറിയൊക്കെ നേടിയെങ്കിലും 10 റൺസെടുത്ത് മടങ്ങുന്നു. ശേഷം ക്രീസിലെത്തുന്നത് ജെമിമ റോഡ്രിഗസ്, 2017 വനിതാ ലോകകപ്പ് ഇംഗ്ലണ്ടിൽ നടന്നപ്പോൾ ആ ടൂർണമെന്റ് കളിക്കാൻ പുറപ്പെട്ട ഇന്ത്യൻ സംഘത്തെ യാത്രയാക്കാൻ എയർപോർട്ടിൽ കാത്തുനിന്ന അതെ ജെമിമ തന്നെ. ഈ ലോകകപ്പിന് മുമ്പ് സ്‌ക്വാഡിൽ ജെമിയുടെ പേര് കണ്ടപ്പോൾ നെറ്റിചുളിച്ചവർ ഏറെയായിരുന്നു. അവർക്കുള്ള മറുപടി നൽകുന്നതിനേക്കാൾ ഉപരി ഇന്ന് തന്റെ രാജ്യത്തിന് വേണ്ടി ചിലത് ചെയ്യാൻ തനിക്ക് ഒരു അവസരം കിട്ടിയേക്കുകയാണ് എന്ന് ജെമി മനസിലാക്കി. ഒരു നല്ല കൂട്ടുകെട്ട് ഉയർത്തുന്നതിനിടെ ആലസ്യമായ ഒരു ഷോട്ട് കളിച്ച് സൂപ്പർതാരം സ്‌മൃതി മടങ്ങുന്നു. ഇതോടെ ഈ ബോറൻ കളി കാണുന്നതിൽ നല്ലത് ഉറങ്ങുന്നത് ആണെന്ന് പലരും കണക്കുകൂട്ടി. ശേഷം ക്രീസിലെത്തിയ സീനിയർതാരവും ക്യാപ്റ്റനുമായ ഹർമൻപ്രീതുമൊത്ത് മനോഹര കൂട്ടുകെട്ട് ഉണ്ടാക്കിയ ജെമി ഇന്നിങ്സിന്റെ കണ്ട്രോൾ ഏറ്ററെടുക്കുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. തന്റെ സഹതാരം മനോഹരമായി കളിക്കുന്നത് ഹർമനും ഊർജം നൽകിയതോടെ റൺ നേടാൻ ഇരുവരും മത്സരിച്ചു. ഇടക്ക് ഒന്നോ രണ്ടോ മോശം ഷോട്ടുകൾ കളിച്ചത് മാറ്റിനിർത്തിയാൽ ഇരുവരുടെയും ബാറ്റിംഗിന് ഫുൾ മാർക്ക് തന്നെ നൽകാം.
ഓസ്‌ട്രേലിയൻ ക്യാമ്പിൽ ഭീതിയുടെ നിമിഷങ്ങൾ പതുക്കെ അലയടിച്ച തുടങ്ങിയ സമയത്ത് ആയിരുന്നു സെഞ്ച്വറി ലക്ഷ്യമാക്കി കുതിച്ച ഹർമനെ പുറത്താക്കി അവർ മത്സരത്തിലേക്ക് തിരിച്ചുവന്നു. അപ്പോഴും തോറ്റുകൊടുക്കാൻ നിൽക്കാതെ പൊരുതിയ ജെമിമ ആദ്യം ദീപ്തിയോടും ശേഷം റിച്ചയോടും ഒപ്പം ചെറിയ കൂട്ടുകെട്ടുകൾ ഉയർത്തി. മത്സരത്തിന്റെ കോണ്ടെസ്റ്റിൽ അത് അത്രത്തോളം പ്രധാനപ്പെട്ടത് ആയിരുന്നു എന്നും പറയാതെ വയ്യ. അതിന്റിടയിൽ സെഞ്ച്വറി പൂർത്തിയാക്കിയിട്ടും ജെമി അത് ആഘോഷിച്ചില്ല. അവൾക്ക് പ്രധാനം സെഞ്ച്വറി ആയിരുന്നില്ല മറിച്ച് ചരിത്ര വിജയമായിരുന്നു. അത് നേടിയ ശേഷം ഗ്രൗണ്ടിൽ പൊട്ടിക്കരയുന്ന ജെമിയുടെ നേരെ ക്യാമറകണ്ണുകൾ തിരിഞ്ഞു. അവളപ്പോഴും കരയുകയായിരുന്നു. ചെളിപുരണ്ട അവളുടെ ജേഴ്സിയിലേക്ക് ഫോക്കസ് വരുമ്പോൾ ആരാധകരിൽ ചിലരെങ്കിലും 2011 ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ച ഗംഭീറിന്റെ ജേഴ്സിയിലും സമാനമായ ചെളിപുരണ്ട പാടുകൾ ഉണ്ടായിരുന്നു.
ആരും അധികം വിലകൊടുക്കാതെ, മറ്റുള്ള സൂപ്പർതാരങ്ങളുടെ അത്രയൊന്നും പ്രാധാന്യം കൊടുക്കാത്തവർ ആയിരുന്നു ജെമിയും ഗംഭീറും എന്നാൽ ഏറ്റവും ആവശ്യം വന്നപ്പോൾ പോരാടാൻ അവരെ ഉണ്ടായിരുന്നൊള്ളു, അത്രമാത്രം അവർ രാജ്യത്തെ സ്നേഹിക്കുന്നു .
എഴുത്ത്: ജോസ് ജോർജ്













Discussion about this post