പട്ന : ബീഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി 25 പോയിന്റുകൾ അടങ്ങുന്ന സംയുക്ത പ്രകടന പത്രിക പുറത്തിറക്കി നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ). എൻഡിഎയിലെ എല്ലാ ഘടകകക്ഷികളിലെയും പ്രമുഖ നേതാക്കൾ ഒത്തുചേർന്നാണ് “സങ്കൽപ് പത്ര 2025” എന്ന പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. വികസിത ബീഹാറിനുള്ള ഒരു ബ്ലൂപ്രിന്റ് എന്നാണ് എൻഡിഎ പ്രകടന പത്രികയെ വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ ജിതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ, എംപി ഉപേന്ദ്ര കുശ്വാഹ, ബിഹാർ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ, ബിജെപി പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ, ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബീഹാർ ഒരു വ്യാവസായിക കേന്ദ്രമായി വികസിപ്പിക്കപ്പെടുമെന്ന് എൻഡിഎ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
കിസാൻ സമ്മാൻ നിധി സഹായ തുക 6,000 രൂപയിൽ നിന്ന് 9,000 ആയി വർദ്ധിപ്പിക്കും, ഇതിൽ 3000 രൂപ സംസ്ഥാനം നേരിട്ട് നൽകുന്ന ധനസഹായം ആയിരിക്കും ,
സ്ത്രീകളുടെ തൊഴിലിനായി രണ്ട് ലക്ഷം രൂപ വരെ സഹായം, ഒരു കോടി സ്ത്രീകൾക്ക് ലാഖ്പതി ദീദി പദ്ധതി, വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ തൊഴിലാളി വിഭാഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ സഹായം, ഒരു കോടിയിലധികം സർക്കാർ ജോലികൾ, ഓരോ ജില്ലയിലും ഒരു ഫാക്ടറിയും 10 പുതിയ വ്യവസായ പാർക്കുകളും നിർമ്മിക്കും, പ്രതിരോധ ഇടനാഴികളും സെമികണ്ടക്ടർ നിർമ്മാണ പാർക്കുകളും സ്ഥാപിക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും പ്രതിമാസം 2,000 രൂപ നൽകും, സ്കൂളുകളിൽ ഉച്ചഭക്ഷണത്തോടൊപ്പം പോഷകസമൃദ്ധമായ പ്രഭാതഭക്ഷണവും നൽകും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് എൻഡിഎ പുറത്തിറക്കിയിട്ടുള്ള പ്രകടനപത്രികയിൽ ഉൾപ്പെടുന്നത്.









Discussion about this post