ചെന്നൈ : തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ തിരുത്തൽ പ്രവർത്തനങ്ങൾ (എസ്ഐആർ) താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ എസ്ഐആർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പ്രമേയം പാസാക്കി. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ബിഹാർ എസ്‌ഐആർ കേസിൽ സുപ്രീം കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഉടൻ തിരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് യോഗം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയായി പ്രവർത്തിക്കുകയും സ്വേച്ഛാധിപത്യ മനോഭാവത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിനെ യോഗം ശക്തമായി അപലപിച്ചു.
ന്യൂനപക്ഷ വോട്ടുകൾ, ബിജെപി വിരുദ്ധ വോട്ടുകൾ എന്നിവ ലക്ഷ്യമിട്ട് അവ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഐആർ നടപ്പിലാക്കുന്നത് എന്ന് തമിഴ്നാട് സർക്കാർ ആരോപിച്ചു. യോഗ്യരായ വോട്ടർമാരെ നീക്കം ചെയ്ത് അയോഗ്യരായ വോട്ടർമാരെ ചേർക്കുക എന്ന ഗൂഢാലോചനയാണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ പാവയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ബീഹാറിൽ നടന്ന ക്രമക്കേടുകൾക്കൊന്നും പരിഹാരം കാണാതെ തമിഴ്‌നാട് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ പദ്ധതി നടപ്പിലാക്കുന്നത് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുന്നതാണെന്നും ജനാധിപത്യത്തെ പൂർണ്ണമായും അട്ടിമറിക്കുന്നതാണെന്നും തമിഴ്നാട് സർക്കാർ കുറ്റപ്പെടുത്തി.









Discussion about this post