ന്യൂഡൽഹി : സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും വേണ്ടി ‘പിങ്ക് സഹേലി സ്മാർട്ട് കാർഡ്’ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്ത ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ, സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്ക് ഡിടിസിയിലും ക്ലസ്റ്റർ ബസുകളിലും സൗജന്യമായും സൗകര്യപ്രദമായും യാത്ര ചെയ്യാൻ സാധിക്കുന്നതിനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതിയാണ് ‘പിങ്ക് സഹേലി സ്മാർട്ട് കാർഡ്’ എന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
‘പിങ്ക് സഹേലി സ്മാർട്ട് കാർഡ്’ ഉള്ളവർക്ക് ഇനി എല്ലാ ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെയും (ഡിടിസി) ക്ലസ്റ്റർ ബസുകളിലും യാത്ര സൗജന്യമായിരിക്കും. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും യാത്ര സുരക്ഷിതവും കൂടുതൽ പ്രാപ്യവും മാന്യവുമാക്കുന്നതിനും ദേശീയ തലസ്ഥാനത്തുടനീളം പൊതുഗതാഗതത്തിന്റെ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകൾ നേരിടുന്ന ദൈനംദിന യാത്രാ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഒരു പുരോഗമനപരമായ നടപടിയായിട്ടാണ് മുഖ്യമന്ത്രി തന്റെ പ്രസ്താവനയിൽ ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. ഡൽഹിയിലുടനീളമുള്ള ആയിരക്കണക്കിന് ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ദൈനംദിന യാത്രാ ചെലവ് കുറയ്ക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.









Discussion about this post