കൊൽക്കത്ത : ഇന്ത്യ വിടാനുള്ള ശ്രമത്തിനിടയിൽ 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ബംഗാൾ അതിർത്തിയിൽ പിടിയിൽ. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതേത്തുടർന്നാണ് ഇവർ സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങാൻ കൂട്ടത്തോടെ അതിർത്തിയിൽ എത്തിയിരുന്നത്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ട് അതിർത്തി വഴി ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച 48 പേരെ ബിഎസ്എഫ് ആണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 15 പേരെയും ഞായറാഴ്ച 33 പേരെയും ആണ് അതിർത്തി രക്ഷാസേന പിടികൂടിയത്. തുടർന്ന് ബിഎസ്എഫ് ഇവരെ സ്വരൂപ് നഗർ പോലീസ് സ്റ്റേഷന് കൈമാറി.
അറസ്റ്റിലായ ബംഗ്ലാദേശികൾ പശ്ചിമ ബംഗാളിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ചില ഭാഗങ്ങളിൽ വീട്ടുജോലിക്കാരായും മറ്റ് തൊഴിലാളികളായും ജോലി ചെയ്തു വന്നിരുന്നവരായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ പ്രഖ്യാപനത്തെത്തുടർന്ന് ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) വീടുതോറും സന്ദർശിച്ച് വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാൻ ആരംഭിച്ചതോടെ തങ്ങളെ പോലീസ് പിടികൂടി ജയിലിലാക്കും എന്ന ഭയത്തെ തുടർന്നാണ് ഇവർ അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നത്.









Discussion about this post