ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഭീകര ഒളിത്താവളങ്ങൾ തകർത്ത് സൈന്യം. സംയുക്ത തിരച്ചിൽ ദൗത്യം നടത്തിയ സുരക്ഷാസേനയാണ് ഭീകരർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ രണ്ട് ഒളിത്താവളങ്ങൾ തകർത്തത്. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ദംഹൽ ഹഞ്ചിപോരയിലെ വനമേഖലയിൽ ആയിരുന്നു ഈ ഭീകര ഒളിത്താവളങ്ങൾ ഉണ്ടായിരുന്നത്.
ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് 9 രാഷ്ട്രീയ റൈഫിൾസും ലോക്കൽ പോലീസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. വനമേഖലയിലെ തിരച്ചിലിൽ അഹമ്മദാബാദിനും നെൻഗ്രിപോര വനമേഖലയ്ക്കും ഇടയിൽ ഒളിത്താവളങ്ങൾ കണ്ടെത്തുകയും അവ പിന്നീട് പുനരുപയോഗം ചെയ്യുന്നത് തടയുന്നതിനായി നശിപ്പിക്കുകയും ചെയ്തതായി സുരക്ഷാസേന അറിയിച്ചു. കൂടുതൽ ഒളിത്താവളങ്ങളോ തീവ്രവാദ നീക്കങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണ് എന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഹോർണാഗ്-വാട്കാഷ് വനത്തിൽ സുരക്ഷാ സേന സമാനമായ രീതിയിൽ ഒരു തിരച്ചിൽ ദൗത്യം നടത്തുകയും ഒളിത്താവളങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഭീകരർ ഉപയോഗിച്ചിരുന്ന ബാക്ക്‌പാക്കുകൾ , വസ്ത്രങ്ങൾ, പാത്രങ്ങൾ, കുഴിക്കാനുള്ള ഉപകരണങ്ങൾ, ഒരു ഗ്യാസ് സിലിണ്ടർ , സംശയാസ്പദമായ യുദ്ധ സാമഗ്രികൾ ( ഡബ്ല്യുഎൽഎസ്) എന്നിവ ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്തു. വ്യോമ നിരീക്ഷണം ഒഴിവാക്കാൻ കഴിയുന്ന ഗാഢമായ വനമേഖലകളിലാണ് ഭീകരർ ഇത്തരം ഒളിത്താവളങ്ങൾ നിർമ്മിക്കുന്നത്.









Discussion about this post