ന്യൂയോർക്ക് : യുഎസിൽ ചരക്ക് വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്‌വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന യുപിഎസ് കാർഗോ വിമാനമാണ് തകർന്നു വീണത്. ഹവായിയിലേക്ക് പോവുകയായിരുന്ന 2976 വിമാനം പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെ തകർന്നുവീണതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അപകടത്തിൽ ഇതുവരെ 7 പേർ മരിച്ചു.
വിമാനം തകർന്നുവീണ് വൻ സ്ഫോടനം ഉണ്ടായതോടെ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഉൾപ്പെടെ തീപിടിച്ചത് നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചു. നിലവിൽ 11 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ കൂടുതൽ ഉയരാനാണ് സാധ്യതയെന്ന് അധികൃതർ സൂചിപ്പിക്കുന്നു. മൂന്നുപേരായിരുന്നു തകർന്നുവീണ ചരക്ക് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം തകർന്നു വീഴുമ്പോൾ ഏകദേശം 38,000 ഗാലൻ ഇന്ധനം വഹിച്ചിരുന്നു. സ്ഫോടനത്തിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സമീപത്ത് താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് പ്രദേശം ഒഴിയാനും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു. തീ ഇപ്പോൾ ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അപകടത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.









Discussion about this post