ശ്രീനഗർ : ജമ്മുകശ്മീരിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്. വന്ദേമാതരം ഇസ്ലാമിക വിരുദ്ധമാണെന്ന് മുസ്ലിം സംഘടനകൾ അഭിപ്രായപ്പെട്ടു. ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും വന്ദേമാതരം ആലപിക്കണം എന്നുള്ള ജമ്മുകശ്മീർ സാംസ്കാരിക വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് മുസ്ലിം സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്.
വന്ദേമാതരം ആലപിക്കണമെന്നുള്ള സാംസ്കാരിക വകുപ്പിന്റെ തീരുമാനത്തെ ശക്തമായി എതിർക്കും എന്ന് മിർവായിസ് ഉമർ ഫാറൂഖിൻ്റെ നേതൃത്വത്തിലുള്ള മതസംഘടനകളുടെ കൂട്ടായ്മയായ മുത്താഹിദ മജ്‌ലിസ്-ഇ-ഉലമ (എംഎംയു) വ്യക്തമാക്കി. ഇസ്ലാമിന്റെ ഏകദൈവ വിശ്വാസങ്ങൾക്ക് വിരുദ്ധമായ ഭക്തിപരമായ ഘടകങ്ങൾ ഈ ഗാനത്തിലുണ്ടെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ മുസ്ലിം സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലീം വിദ്യാർത്ഥികൾ വന്ദേമാതരം ആലപിക്കുന്നത് അന്യായവും, മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ് എന്നും എംഎംയു പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നവംബർ 7 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. രാജ്യത്തുടനീളമുള്ള 150 ചരിത്ര സ്ഥലങ്ങളിൽ വന്ദേമാതരം കൂട്ടത്തോടെ ആലപിക്കപ്പെടും. ഈ അവസരത്തിൽ സാംസ്കാരിക മന്ത്രാലയം ഒരു സ്മാരക സ്റ്റാമ്പ്, നാണയം, പ്രദർശനം, ഡോക്യുമെന്ററി എന്നിവയും പുറത്തിറക്കും. ബിജെപി ഇതിനെ ‘ഇന്ത്യയുടെ ആത്മാവിന്റെ ആഘോഷം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഭാരതമാതാവിനോടുള്ള ആദരസൂചകമായ ഉത്സവം’ ആണ് വന്ദേമാതരത്തിന്റെ 150ആം വാർഷികം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശേഷിപ്പിച്ചു.









Discussion about this post