ന്യൂഡൽഹി : 2025ലെ ഐസിസി വനിത ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാഷ്ട്രപതിയെ സന്ദർശിക്കാനായി എത്തിയത്. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാ കളിക്കാരും ഒപ്പിട്ട ടീം ജേഴ്‌സി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയുടെ ഈ വനിതാ താരങ്ങൾ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, യുവതലമുറയ്ക്ക് മാതൃകകളായി മാറുകയും ചെയ്തുവെന്ന് ദ്രൗപതി മുർമു പറഞ്ഞു.
“ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഈ ടീം ഇന്ത്യയുടെ പ്രതിഫലനമാണ്. വ്യത്യസ്ത പ്രദേശങ്ങളെയും വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളെയും വ്യത്യസ്ത സാഹചര്യങ്ങളെയും അവർ പ്രതിനിധീകരിക്കുന്നു, പക്ഷേ അവർ ഒരു ടീമാണ് – ഇന്ത്യ” എന്ന് രാഷ്ട്രപതി വനിതാ ക്രിക്കറ്റ് ടീമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിൽ അഭിപ്രായപ്പെട്ടു.









Discussion about this post