തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സ്വീകരിക്കുക. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.
ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി ഉണ്ടാക്കുന്നത് നിലവിൽ നടക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കും എന്നായിരുന്നു നേരത്തെ സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടിരുന്നത്. ഈ കാരണം ചൂണ്ടിക്കാണിച്ച് പിഎസ് പ്രശാന്തിനും സിപിഐ പ്രതിനിധിയായ അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ നിലവിൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി നടക്കുന്ന വിവാദങ്ങളെ തുടർന്നാണ് സംസ്ഥാന സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞിരിക്കുന്നത്.
ഹൈക്കോടതി ഒന്നാം ഇടക്കാല റിപ്പോര്‍ട്ടില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് നെതിരായ ചില പരാമർശങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഭരണസമിതിയുടെ മിനിറ്റ്‌സില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതും കോടതി അനുമതി തേടാതെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തുവിട്ടതും എല്ലാം ഹൈക്കോടതി ഇടക്കാല റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് പോകാതിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.









Discussion about this post