ന്യൂഡൽഹി : ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നക്കും ശിഖർ ധവാനുമെതിരെ നടപടിയുമായി ഇ ഡി. ഇരുവരുടെയും പേരിലുള്ള 11.14 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
ബെറ്റിംഗ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സുരേഷ് റെയ്‌നയും ശിഖർ ധവാനും വിദേശ സ്ഥാപനങ്ങളുമായി അറിഞ്ഞുകൊണ്ട് എൻഡോഴ്‌സ്‌മെന്റ് കരാറുകളിൽ ഏർപ്പെട്ടുവെന്ന് ഇ ഡി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ഇരുവരെയും ചോദ്യം ചെയ്ത് മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ അന്വേഷണ ഏജൻസി താരങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്ന നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. നിയമവിരുദ്ധമായ ഓഫ്‌ഷോർ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ “1xBet”ന്റെ നടത്തിപ്പുകാർക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടത്തിയത്.
റെയ്‌നയുടെ പേരിലുള്ള ഏകദേശം 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ ധവാനും റെയ്നയ്ക്കും പുറമെ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ് , റോബിൻ ഉത്തപ്പ എന്നിവരുടെ മൊഴികളും ഇ ഡി രേഖപ്പെടുത്തിയിരുന്നു.









Discussion about this post