ബാങ്കോക്ക് : തായ്‌ലൻഡിൽ നിന്നും 270 ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച് വ്യോമസേന. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു സംഘത്തെയാണ് ഇന്ത്യൻ വ്യോമസേന രണ്ട് ഐഎഎഫ് വിമാനങ്ങളിലായി നാട്ടിലെത്തിക്കുന്നത്. 26 സ്ത്രീകളും രക്ഷപ്പെടുത്തിയ സംഘത്തിൽ ഉണ്ട്.
തായ്‌ലൻഡിലെ മേ സോട്ട് നഗരത്തിൽ നിന്നുമാണ് പ്രത്യേക വ്യോമസേന വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. റോയൽ തായ് ഗവൺമെന്റിന്റെ വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് വ്യോമസേന ഈ ദൗത്യം നടത്തിയത്. ബാങ്കോക്കിലെ ഇന്ത്യൻ എംബസിയും തായ്‌ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിലെ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ വ്യോമസേനയുടെ ഈ ദൗത്യത്തിന് പിന്തുണ നൽകി.
ഈ അടുത്തിടെയാണ് മ്യാൻമറിലെ മ്യാവഡി മേഖലയിൽ നിന്നും ഈ ഇന്ത്യൻ പൗരന്മാർ തായ്‌ലൻഡിലേക്ക് കടന്നത്. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് തായ് അധികൃതർ അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തായ്‌ലൻഡിൽ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൗരത്വം സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യൻ അധികൃതർ ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നത്.









Discussion about this post