ന്യൂഡൽഹി : ഒരാഴ്ച നീളുന്ന ആഫ്രിക്കൻ സന്ദർശനത്തിന് ഒരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദർശനം. അംഗോള, ബോട്സ്വാന എന്നീ രാജ്യങ്ങൾ ആയിരിക്കും രാഷ്ട്രപതി സന്ദർശിക്കുക. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത പ്രത്യേക പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 8 മുതൽ 13 വരെയാണ് രാഷ്ട്രപതിയുടെ ആഫ്രിക്കൻ സന്ദർശനമെന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് ഒരു ഇന്ത്യൻ രാഷ്ട്രപതി നടത്തുന്ന ആദ്യ സന്ദർശനമാണിത്. ഇന്ത്യയുമായി വളരെ മികച്ച പ്രതിരോധ സഹകരണ ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ബോട്സ്വാന. ഇന്ത്യൻ സൈന്യം ബോട്സ്വാന പ്രതിരോധ സേനയെ പരിശീലിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഇപ്പോൾ ഉയർന്ന തലത്തിലുള്ള സുരക്ഷാ സഹകരണമായി വളരുകയാണ്. ആഫ്രിക്കയിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്ന ചൈനയുടെ നയത്തിന് സമാന്തരമായ ഇടപെടലാണ് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ നടത്തുന്നത്.
നവംബർ 8ന് ആരംഭിക്കുന്ന രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആദ്യം അംഗോളയും പിന്നീട് ബോട്സ്വാനയും സന്ദർശിക്കും. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യവും അറ്റ്ലാന്റിക് മേഖലയിലെ തന്ത്രപ്രധാന കേന്ദ്രവുമാണ് അംഗോള. ഇന്ത്യൻ രാഷ്ട്രപതിയും അംഗോള പ്രസിഡന്റ് ജോവോ ലോറെൻസോയും തമ്മിലുള്ള ചർച്ചകൾ ഊർജ്ജം, പ്രതിരോധം, സമുദ്ര സുരക്ഷ, കൃഷി, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1985 മുതൽ ഇന്ത്യയും അംഗോളയും തമ്മിൽ നയതന്ത്ര ബന്ധമുണ്ട്. നിലവിൽ അംഗോളയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.









Discussion about this post