കാബൂൾ : തുർക്കിയിൽ വെച്ച് നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അവസാന റൗണ്ട് സമാധാന ചർച്ചകൾ ആണ് ഒരു കരാറിലുമെത്താതെ അവസാനിച്ചത്. ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഇസ്താംബൂളിൽ വച്ചായിരുന്നു ചർച്ചകൾ നടന്നത്.
ചർച്ചയിൽ പാകിസ്താൻ ‘നിരുത്തരവാദപരവും നിസ്സഹകരണപരവുമായ’ നിലപാട് സ്വീകരിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ആരോപിച്ചു. ഒരു യുദ്ധമുണ്ടായാൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് താലിബാൻ ചർച്ചയിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ മേഖലയിൽ അരക്ഷിതാവസ്ഥ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം ആദ്യം തിരഞ്ഞെടുക്കുന്നത് അഫ്ഗാനിസ്ഥാൻ അല്ല എന്നും താലിബാൻ അറിയിച്ചു.
മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും, അവരുടെ പരമാധികാരത്തെയോ സുരക്ഷയെയോ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും താലിബാൻ സർക്കാർ വ്യക്തമാക്കി. അതേസമയം അവസാന ഘട്ട ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ, ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധം ഉണ്ടാകുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ മുതൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുകയാണ്. കാബൂൾ നഗരത്തിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് താലിബാൻ തിരിച്ചടിച്ചത്. രൂക്ഷമായ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം, 48 മണിക്കൂർ വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചിരുന്നു. എന്നാൽ പാകിസ്താൻ സൈന്യം അഫ്ഗാൻ പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക അഫ്ഗാൻ ക്രിക്കറ്റ് കളിക്കാരുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതോടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഖത്തറും തുർക്കിയും ഇടപെട്ടതിനെത്തുടർന്ന് സംഘർഷം താൽക്കാലികമായി അവസാനിപ്പിക്കുകയും തുർക്കിയിൽ സമാധാന ചർച്ചകൾ ആരംഭിക്കുകയും ആയിരുന്നു.









Discussion about this post